തലനാട് ശക്തമായ മഴ; 45 മിനിറ്റുകൊണ്ട് തീക്കോയി ചേരിപ്പാടില്‍ മീനച്ചിലാറ്റിന്റെ കൈവഴിയില്‍ വെള്ളമുയര്‍ന്നത് 50 സെന്റീമീറ്റര്‍. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു. ഇന്നലെ രാത്രി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സംഭവിച്ചത് അസാധാരണ കാഴ്ചകള്‍. മീനച്ചിലാറ്റിന്റെ ഇരു കൈവഴികളായ തീക്കോയി, പൂഞ്ഞാര്‍ ആറുകളില്‍ ഒരേ പോലെ വെള്ളമുയര്‍ന്നത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി.
തലനാട് അടുക്കം മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട് മേഖലയില്‍ രാത്രി 9:30നുമാണ് മണ്ണിടിഞ്ഞത്. തുടര്‍ന്ന് തീക്കോയി മേഖലയില്‍ ആറ്റില്‍ കലങ്ങി മറിഞ്ഞ് വെള്ളം ഉയര്‍ന്നു. ശക്തമായ ഒഴുക്കുമുണ്ടായി. ചാമപ്പാറ, മേസ്തിരിപ്പടി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇവരെ സമീപ പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറ്റി. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റൊരു കൈവഴിയായ പൂഞ്ഞാര്‍ ആറില്‍ അടിവാരം ഭാഗത്തുനിന്നു ശക്തമായി വെള്ളം കലങ്ങി മറിഞ്ഞെത്തി.
പൂഞ്ഞാര്‍ ടൗണിലെ ചെക്ഡാമില്‍ ജലനിരപ്പ് റോഡിന് ഒപ്പം വരെയെത്തി. ഇവിടെയും മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. രാത്രിയോടെ മഴ കുറഞ്ഞു. വെള്ളത്തിന്റെ അളവ് താഴ്ന്നു തുടങ്ങി. ഈരാറ്റുപേട്ട മുതല്‍ താഴോട്ട് മീനച്ചിലാറ്റില്‍ ജല നിരപ്പ് താഴ്ന്നു കിടക്കുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. പാലാ ഭാഗത്തും കാര്യമായ തോതില്‍ വെള്ളം ഉയര്‍ന്നിട്ടില്ല.
മീനച്ചിലാറ്റില്‍ ചേരിപ്പാട്ടെ ജലനിരപ്പ്
ഇപ്പോഴത്തെ ജലനിരപ്പ് (രാത്രി 10:30ന്) – 11.68 മീറ്റര്‍
മുന്നറിയിപ്പ് നല്‍കേണ്ട ജലനിരപ്പ് – 11.58 മീറ്റര്‍
അപകടകരമായ ജലനിരപ്പ്- 11.935 മീറ്റര്‍