KeralaNews

മഴ കനത്തു,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം മുതല്‍ ഇടുക്കി വരെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകലില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.

കേരള തീരത്ത് കാറ്റിന്‍റെ വേഗം 50 കി,മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇതാണ് മഴ ശക്തമാകാന്‍ കാരണം.

പാലക്കാട് അട്ടപ്പാടിയില്‍ ഇന്നലെ തുടങ്ങിയ കനത്തമഴ ഇപ്പോഴും തുടരുന്നു. ചുരം റോഡിലേക്ക് മലവെള്ളം ഒലിച്ചു വന്ന് ഗതാഗതം തടസപ്പെട്ടു. ഇതേ തുടർന്ന് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം വഴിയില്‍ കുടുങ്ങി കിടക്കുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

മന്തംപൊട്ടി ഭാഗത്താണ് ഗതാഗതം തടസപ്പെട്ടത്. ജലനിരപ്പ് ഉയർന്നതോടെ മന്തംപൊട്ടി പാലത്തിന് മുകളിലൂടെയാണ് വെള്ളമൊഴുകുന്നത്. വനത്തിൽ ഉരുൾപൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് കരുതുന്നത്.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിലെകാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button