FeaturedHome-bannerKeralaNews

മഴ കനക്കുന്നു; കൊച്ചിയിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം; പൊന്മുടി അടച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങൾ കുടുങ്ങി. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്.

കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കളി കഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊച്ചിയിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്.

പൊന്മുടി അടച്ചു

ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരും പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

മഴ ശക്തമായി വെളളം ഉയർന്നതോടെ അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 90 സെ.മീ ഉയർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ രാവിലെ 11: 30 ന് ഇനിയും ഉയർത്തുമെന്നും പരിസരവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്നാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.

അതേസമയം, കേരളത്തിൽ ഇത്തവണ അതിവർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കേന്ത്യയിലും മധ്യേന്ത്യയിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ജൂണിലും കൂടുതൽ മഴ പ്രതീക്ഷിക്കാം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മൺസൂൺ രണ്ടാം ഘട്ട പ്രവചനത്തിലാണ് നിരീക്ഷണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേർന്നേക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button