കാസർകോട് :കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഇന്നു ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. അടുത്ത 2 ദിവസം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് അവധി നൽകിയത്.
ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ജില്ലയിലെ പ്രളയ സാധ്യത മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക്ക് തഹസിൽദാർമാർക്കു നൽകി ഉത്തരവായി. താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാക്കണം. ഇതിന്റെ ചുമതല ജൂനിയർ സൂപ്രണ്ട്/ഡപ്യൂട്ടി തഹസിൽദാർമാർക്കാണ്.
മതിയായ ഉദ്യോഗസ്ഥരുടെ സേവനം കൺട്രോൾ റൂം ഡ്യൂട്ടിക്കും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്കും ഉറപ്പു വരുത്തണം. താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം തീവ്രമഴ കുറയുന്നതു വരെ താൽക്കാലികമായി നിർത്തി വെക്കണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു.
ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കു പ്രസ്തുത സ്ഥലം സന്ദർശിച്ചു രക്ഷാപ്രവർത്തനം നിർവഹിക്കുകയും ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കുകയും വേണമെന്ന് കലക്ടർ നിർദേശം നൽകി. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രവർത്തനം കാഞ്ഞങ്ങാട് സബ് കലക്ടറും, കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ പ്രവർത്തനങ്ങൾ കാസർകോട് റവന്യൂ ഡിവിഷണൽ ഓഫിസറുമാണ് ഏകോപിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ഇല്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും.
മൺസൂൺ പാത്തി കൂടുതൽ തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായുള്ള ന്യൂനമർദ്ധവുമാണ് ശക്തമായ മഴ തുടരാൻ കാരണം. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും ശക്തമാണ്. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.