പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുത്തൻ പുരക്കൽ സോമനും മകനുമായിരുന്നു പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്.
ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറിൽപ്പിടിച്ച് രക്ഷപ്പെട്ടു. എന്നാൽ പിക്കപ്പ് വാൻ വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്. അഗളി മേഖലകളിൽ കാര്യമായ മഴയില്ല. എന്നാൽ അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസ്സഹമാകുന്നുണ്ട്. പലയിടത്തും പാലങ്ങളും ചപ്പാത്തുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.