തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും.
രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
1. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും
2. നാഗർകോവിൽ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും.
3. ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും.
4. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് (2 മണിക്കൂർ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.