തിരുവനന്തപുരം: സംസ്ഥാനത്തു പെരുമഴയുടെ ശക്തി തെല്ലു കുറഞ്ഞു. ഇന്നലെ പകല്‍ കാര്യമായ മഴയുണ്ടായില്ലെങ്കിലും പലയിടത്തും രാത്രിയില്‍ വ്യാപകമായി മഴ പെയ്തു. വ്യാഴാഴ്ച ഉച്ചയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പാലക്കാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്നാര്‍ അഞ്ചാം മൈലില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു.
അറബിക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ‘ചക്രവാതച്ചുഴി’ എന്ന പുതിയ പ്രതിഭാസം ഉണ്ടായതാണ് വീണ്ടും ആശങ്കയ്ക്കു വഴിയൊരുക്കുന്നത്. അടുത്ത മൂന്നു ദിവസങ്ങളില്‍ ചക്രവാതച്ചുഴി തുടരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്ന ലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബുധനാഴ്ച കനത്ത മഴയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായി. പാലക്കാട്ട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖ ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമില്ല. അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജലനിരപ്പ് കൂടിയതോടെ മംഗലംഡാമിന്റെ മുഴു വന്‍ ഷട്ടറുകളും 40 സെന്റിമീറ്റര്‍ ഉയര്‍ത്തി.
മലപ്പുറം ജില്ലയില്‍ താഴേക്കോട് പഞ്ചായത്തിലെ അരക്കുപറമ്പ് മാട്ടറക്കലില്‍ ഉരുള്‍പൊട്ടി. മുക്കിലപറമ്പ് ഭാഗത്ത് മങ്കട മലയിലും ബിടാവുമലയിലുമായാണ് ഇന്നലെ രാത്രി ഏഴോടെ ഉരുള്‍പൊട്ടിയത്. അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.