ജഡ്ജിയെ കാണണമെന്ന് പറഞ്ഞെത്തിയയാള്‍ കുഴഞ്ഞുവീണ നിലയില്‍; വിഷം കഴിച്ചതെന്ന് സൂചന

കൊച്ചി: ജഡ്ജിയെ കാണണമെന്നു പറഞ്ഞു വന്നയാള്‍ ഹൈക്കോടതി അങ്കണത്തില്‍ കുഴഞ്ഞുവീണു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. വിഷം കഴിച്ച് എത്തിയതാണെന്നാണ് സൂചന. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുടെ നില ഗുരുതരമായി തുടരുകയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോടതിയുടെ മുഖ്യ കവാടത്തിനു സമീപത്തെ കാര്‍ പോര്‍ച്ചിനു സമീപം ഇയാള്‍ നില്‍ക്കുന്നതു കണ്ട് അഭിഭാഷകര്‍ കാര്യം തിരക്കി. തനിക്കു ജഡ്ജിയെ കാണണം എന്ന് ഇയാള്‍ പറഞ്ഞു. അസ്വഭാവികത തോന്നിയ അഭിഭാഷകര്‍ വിവരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ അറിയിച്ചു.

പോലീസ് എത്തിയപ്പോള്‍ ഇയാള്‍ കുഴഞ്ഞു വീണു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയിരിക്കുകയായിരുന്നു. വിഷം കഴിച്ചതാണെന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. മലപ്പുറം സ്വദേശിയാണ് ഇയാള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News