KeralaNews

കനത്ത മഴ; ജില്ലകളിലെ സ്ഥിതിഗതികളും മുന്നൊരുക്കങ്ങളും വിലയിരുത്തി ചീഫ് സെക്രട്ടറി

കോട്ടയം: ശക്തമായ മഴയ്ക്ക് (heavy rain) സാധ്യതയുള്ള ജില്ലകളിലെ സ്ഥിതിഗതികളും മുന്നൊരുക്കങ്ങളും ചീഫ് സെക്രട്ടറി ഡോ. വി പി ജോയി വിലയിരുത്തി. ഓൺലൈൻ യോഗത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ പങ്കെടുത്തു. ജില്ലകളിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗം വിലയിരുത്തി.

കോട്ടയം കളക്ടറേറ്റിലെ എമർജൻസി ഓപ്പറേഷൻ സെന്‍ററില്‍ നിന്നാണ് ചീഫ് സെക്രട്ടറി വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുത്തത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം. നിലവിലെ സാഹചര്യങ്ങൾ കളക്ടർമാർ വിശദീകരിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു  ഇടവേളയ്ക്ക് ശേഷമാണ് ഇത്രയേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും റെഡ് അലർട്ടും പ്രഖ്യാപിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കാലവർഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിൻ്റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്നും മേഘങ്ങൾ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇനിയുള്ള ദിവസങ്ങളിൽ സാധ്യതയുണ്ട്. 

പതിവിലും നേരത്തെ ഇക്കുറി കാലവർഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജൻസികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്. കേരളത്തിൽ കാലവർഷം മെയ്‌ 27 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള ( model error ) സാധ്യതയുമുണ്ട്.സ്വകാര്യ കാലാവസ്ഥ ഏജൻസി  സ്കൈമെറ്റിൻ്റെ പ്രവചനപ്രകാരം  കേരളത്തിൽ മെയ്‌ 26  കാലവർഷം എത്തിച്ചേരാനാണ് സാധ്യത

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button