മൂന്നാറിൽ മണ്ണിടിച്ചിൽ, നിലമ്പൂരിൽ കനത്തമഴ, പൂഞ്ഞാറിൽ ഉരുൾ പൊട്ടിയെന്ന് സംശയം, അടുത്ത മണിക്കൂറുകൾ നിർണായകം
തിരുവനന്തപുരം:കേരളത്തിൽ വരാനിരിക്കുന്ന മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും കനത്ത മഴ പെയ്യാനാണ് സാധ്യത.
സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്നുമായി പെയ്ത മഴ കനത്ത നാശമാണ് വിതയ്ക്കുന്നത്. മലയോരമേഖലകൾ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മുമ്പ് ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളായിരുന്നയിടങ്ങൾ എല്ലാം ഭീതിയിലാണ്. നിലമ്പൂരിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വൻജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ പ്രളയസാധ്യതയില്ലെന്നും എന്നാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്നും കേന്ദ്രജലകമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ ശരാശരിയിൽ മുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരൻ ഇന്ന് രാവിലെ മരം ഒടിഞ്ഞു വീണ് മരിച്ചിരുന്നു. ഉഴമലയ്ക്കൽ സ്വദേശി അജയനാണ് (40) മരിച്ചത്. ബൈക്കിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. എറണാകുളത്ത് രണ്ടിടങ്ങളിലായി വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. നായരമ്പലം സ്വദേശി സന്തോഷ്, വൈപ്പിൻ സ്വദേശി അഗസ്റ്റിൻ എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
വിവിധ ജില്ലകളിലെ അലർട്ട് വിവരങ്ങൾ ഇങ്ങനെ:
ഇന്ന് (ഓഗസ്റ്റ് 6) വയനാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഓഗസ്റ്റ് 7) മലപ്പുറം ജില്ലയിൽ റെഡ് അലർട്ടാണ്. ഇന്ന് (ഓഗസ്റ്റ് 6) എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടെങ്കിൽ, നാളെ (ഓഗസ്റ്റ് 7) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് 6) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ (ഓഗസ്റ്റ് 7) ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
ഇടുക്കി ജില്ലയിൽ വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊൻമുടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്ത മഴയിൽ ഇടുക്കി ബൈസൺവാലിയ്ക്കടുത്തുള്ള ചൊക്രമുടി ആദിവാസിക്കുടിയിലെ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ല.
മൂന്നാറിൽ കനത്ത മഴയാണ്. മൂന്നാർ ഗ്യാപ് റോഡിൽ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഈ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ഇക്കാനഗറിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയരുന്നതിൽ നാട്ടുകാർ ആശങ്ക രേഖപ്പെടുത്തുന്നുമുണ്ട്. മൂന്നാർ – ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവര താത്കാലിക പാലം ഒലിച്ചുപോയി. ഈ വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചു. രാജാക്കാട്, രാജകുമാരി, മാങ്കുളം മേഖലകളിൽ മൂന്ന് ദിവസമായി വൈദ്യുത ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ രണ്ടാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്.
പീരുമേട്ടിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇരുപതിലധികം വീടുകളിൽ ഇവിടെ വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കി ജില്ലയിൽ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ഇടുക്കി കമ്പംമെട്ടിൽ രാവിലെ ശക്തമായ കാറ്റിലും മഴയിലും കൊവിഡ് പരിശോധനകൾക്കായി സ്ഥാപിച്ച ഷെഡ് തകർന്നിരുന്നു. പ്രദേശത്തു വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്.
പൂഞ്ഞാര്‍ അടിവാരത്ത് നിന്നും കനത്ത മലവെള്ളപ്പാച്ചിലാണ് കാണുന്നത്. കനത്ത മഴയ്ക്ക് പിന്നാലെ പൂഞ്ഞാര്‍ അടിവാരത്ത് ഉരുള്‍പൊട്ടിയെന്നാണ് സംശയം ഉയരുന്നത്. മീനച്ചിലാർ കലങ്ങിമറിഞ്ഞാണ് പൂഞ്ഞാറിലേയ്ക്ക് എത്തുന്നത്. പെരിങ്ങുളത്ത് നദി പാലത്തിനൊപ്പം ഉയരത്തിലാണ് ഒഴുകുന്നത്. ഉരുൾ പൊട്ടലുണ്ടായെങ്കിൽ സമീപപ്രദേശങ്ങളിലുള്ളവരെയെല്ലാം മാറ്റാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.
മലപ്പുറത്ത് കഴിഞ്ഞ രണ്ട് പ്രളയകാലം വലിയ നാശം വിതച്ച നിലമ്പൂർ മേഖലയിൽ കനത്ത മഴയാണ് ഇപ്പോഴും പെയ്യുന്നത്. നിലമ്പൂർ കരിമ്പുഴയിൽ റോഡിലേക്ക് മരം കടപുഴകി വീണ്, ഗതാഗതം തടസ്സപ്പെട്ടു. കരിമ്പുഴ – പാത്തിപ്പാറ റോഡിലാണ് മരം കടപുഴകിയത്. രാവിലെ നിലമ്പൂർ ജനതാപടിയിലെ സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ, ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. കരിമ്പുഴ നിറഞ്ഞുകവിഞ്ഞതോടെ, കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.
കനത്ത മഴയിൽ മലപ്പുറം ഒതായിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ ഒരു ഭാഗം തകർന്നു വീണു. പള്ളിപ്പറമ്പൻ നൗഷാദിന്‍റെ വീടിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. ആളപായമില്ല. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. ഇതോടെ മേഖലയിൽ ആകെ ആറ് ക്യാമ്പുകളായി. 74 കുടുംബങ്ങളിലെ 366 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാൽ കരുവാരക്കുണ്ട് ആർത്തല കോളനിയിലെ അഞ്ചു കുടുംബങ്ങളെ കരുവാരക്കുണ്ട് ഗവ. സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.സാഹചര്യം നേരിടാൻ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധി എംപി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട്ടില്‍ 1500-ഓളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പടിഞ്ഞാറത്തറയില്‍ റോഡിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. മാനന്തവാടി താലൂക്കിലെ എടവകയടക്കമുളള പഞ്ചായത്തുകളില്‍ മൂന്നു ദിവസമായിട്ടും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനായിട്ടില്ല. ജില്ലയില്‍ 20 ഹെക്ടറിലധികം കൃഷിഭൂമി ഇതിനകം വെളളത്തിനടിയിലായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പത്തനംതിട്ടയിൽ ഓഗസ്റ്റ് പത്താം തീയതി വരെ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. മഞ്ഞ അലർട്ടിന്‍റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ ഒഴിവാക്കാനാണ് നടപടി. ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലർട്ടാണ് പത്തനംതിട്ട മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്‍റിമീറ്റർ ഉയർത്തി. കക്കട്ടാറിൽ ഒരു മീറ്റർ വരെയും പമ്പയാറിൽ 80 സെന്‍റീമീറ്റർ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്‍റീമീറ്ററാണ് ഉയർത്തിയത്. 51.36 ക്യൂമെക്സ് നിരക്കിൽ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടിൽ ജലനിരപ്പ് 192.63 മീറ്ററായി.
ചാലക്കുടി മോതിരക്കണ്ണിയിൽ ശക്തമായ കാറ്റിൽ 10 വൈദ്യുത പോസ്റ്റ് മറിഞ്ഞ് വീണു. പ്രദേശത്ത് കാറിന് മുകളിലേക്ക് മരം വീണു. വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വാൽപ്പാറയിലും കനത്ത മഴയാണ്.
തൃശ്ശൂർ പൂമലഡാമിൽ ജലനിരപ്പ് 27 അടിയായതിനെ തുടർന്ന് ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയാവുമ്പോൾ ഷട്ടറുകൾ തുറക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 29 അടിയാണ് ഡാമിന്‍റെ പരമാവധി ജലനിരപ്പ്. ഷട്ടറുകൾ ഏതു സമയവും തുറക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് മാവൂരിൽ വീടുകളിൽ വെള്ളം കയറി. കച്ചേരി കുന്നിൽ ഏഴ് വീടുകളിലെയും തെങ്ങിലക്കടവിൽ 13 വീടുകളിലെയും കുറിക്കടവിൽ അഞ്ചു വീടുകളിലെയും ആളുകളെ മാറ്റിപ്പാർപ്പിച്ചു. മാവൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. മാനന്തവാടി തലശ്ശേരി പാതയിൽ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്ന് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ടെ, ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി.
കക്കയം ഡാമിന്‍റെ ജലനിരപ്പ് 757.50 മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. നിലവിൽ 751.88 മി ആണ് ഡാമിലെ ജലനിരപ്പ്. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷട്ടറുകൾ തുറന്നാൽ പുഴയിൽ 100 സെൻറീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കനത്ത മഴയിലും കാറ്റിലും കൊല്ലത്ത് കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കുണ്ടറ, കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, ഏരൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് നഷ്ടങ്ങളേറെയും. ഇവിടെ ഒട്ടേറെ വീടുകൾ തകർന്നു, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു, കൃഷി നശിച്ചു. എം സി റോഡിൽ സദാനന്ദപുരത്തും തൃക്കണ്ണമംഗലത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളത്ത് കൊവിഡ് രൂക്ഷമായ ചെല്ലാനം, സൗദി ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നു. കോതമംഗലം കടവൂരിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ രണ്ട് ക്യാമ്പുകൾ തുറന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമായി ഒരു ക്യാമ്പ് പ്രവർത്തിക്കും. 30 കുടുംബങ്ങൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കണ്ണൂർ ഇരിട്ടി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. കൂട്ടുപുഴയ്ക്കു സമീപം താമസിക്കുന്ന 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഇരുന്നൂറ്റി അൻപതോളം വീടുകൾക്ക് കേടുപാടുകൾ പറ്റിയതായാണ് പ്രാഥമിക കണക്ക്.
കനത്ത മഴയില്‍ അട്ടപ്പാടിയിലെ പടിഞ്ഞാറൻ ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം ഉണ്ടായി. നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തി പുരോഗമിക്കുന്നു. നെല്ലിയാമ്പതിയിൽ കനത്ത മഴ തുടരുന്നു.
കാസര്‍കോട് ജില്ലയില്‍ വിവിധയിടങ്ങളിലായി 20-ല്‍ അധികം വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. കൊവിഡ് മാനദണ്ഡം പാലിച്ച് അറുപത് വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ ഉളളവര്‍ക്കും ദുരിതാശ്വസ ക്യാപുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.