തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. തെക്കൻ കേരളത്തിലാണ് പ്രധാനമായും രാത്രി വൈകിയും മഴ ശക്തമായി തുടരുന്നത്. മലയോരമേഖലയിലും സാഹചര്യം രൂക്ഷമായി തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്.
മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്ക് ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ് അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.
തലസ്ഥാനത്തടക്കം ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഇവർ സഞ്ചരിച്ച വാഹനങ്ങൾ നദിയുടെ അക്കരെ കുടുങ്ങിപ്പോയിരുന്നു. വിതുരയിൽ വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിലെ കല്ലാർ, പൊൻമുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒരറിയിപ്പ് വരും വരെ അടച്ചിട്ടിരിക്കുകയാണ്. നെയ്യാർ ഡാമിന്‍റെ ഷട്ടർ ഉയർത്തിയതിനാൽ തീരദേശത്ത് താമസിക്കുന്നവർക്ക ജാഗ്രതാനിർദ്ദേശമുണ്ട്.
കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണും വെള്ളത്തിനടിയിലായിട്ടുണ്ട്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ തോട് കരവിഞ്ഞതിനെ തുടർന്ന ഒഴുകിപ്പോയ കാറിനെ വടം കെട്ടി നിർത്തി ഡ്രൈവറെ രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് അച്ചൻകോവിലിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകയറിക്കൊണ്ടിരിക്കുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെയും സ്പിൽവേ ഷട്ടറുകൾ ഉയര്‍ത്തിയിട്ടുണ്ട്.
കോട്ടയം മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ വിനോദ സഞ്ചാരിയെ അടക്കം രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെയെയാണ് രക്ഷപ്പെടുത്തിത്. മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലര്‍ട്ടാണ്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴപെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മലയോരപ്രദേശങ്ങളിസും നദീ തീരങ്ങളിലും താമസിക്കുന്നവ ജാഗ്രത പാലിക്കണം. പലയിടത്തും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.