ന്യൂഡല്‍ഹി: വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ ഈര്‍പ്പക്കാറ്റ് തുടരുന്നതിനാല്‍ അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നത്. ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലും കൊങ്കണിലെയും ഗോവയിലെയും മലനിരകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും നല്ല തോതില്‍ മഴയുണ്ടാകുമെന്നാണു പ്രവചനം.
രാജസ്ഥാനില്‍ വെള്ളിയാഴ്ചയുണ്ടായ പെരുമഴയില്‍ മൂന്നു പേര്‍ മരിച്ചു. തലസ്ഥാനമായ ജയ്പുരില്‍ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായുള്ള മഴയെത്തുടര്‍ന്നു പല ഭാഗങ്ങളിലും വെള്ളം കയറി, നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഗുജറാത്തില്‍ മഴക്കെടുതിയെ തുടര്‍ന്ന് ഇരുന്നൂറിലധികം റോഡുകളും 12 സംസ്ഥാനപാതകളും അടച്ചു.