കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയില്‍ മുന്നണികള്‍. വോട്ടെടുപ്പിന് തടസം സൃഷ്ടിച്ച് വിവിധയിടങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴയേത്തുടര്‍ന്ന് എറണാകുളത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പ്രതികരിച്ചു. പ്രശ്നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഒഴികെ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി നാല് നിയമസഭ മണ്ഡലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് എറണാകുളത്തെ ആറ് ബൂത്തുകള്‍ നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറില്‍ പോളിംഗ് മന്ദഗതിയിലാണ്. അരൂരിലും കോന്നിയിലും പല ബൂത്തുകളിലും വൈദ്യുതിബന്ധം തകരാറിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.