തിരുവനന്തപുരം: ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്‌സറേ അസിസ്റ്റന്റ് കൊവിഡ് ബാധിച്ച് മരിച്ചു. ചിറയന്‍കീഴ് സ്വദേശി അമ്പിളി (48) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
അതേസമയം കൊവിഡ് മരണനിരക്ക് മറച്ചുവയ്ക്കുന്നുവെന്നുള്ള ആരോപണം തെറ്റാണെന്ന് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് എല്ലാ പഞ്ചായത്തുകളും കൃത്യമായ കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ശരിയായ പരിചരണംകൊണ്ട് കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെങ്കിലും കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ല. ചില ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായിട്ടുണ്ട്. കൂടുതല്‍ ഐസിയു കിടക്കള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍ഗോട്ടെ ഓക്‌സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകും. ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുള്ളതിനാല്‍ കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.