പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എഎല്‍ ഷീജ പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് പേര്‍ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.
സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണ്. തുടക്കത്തില്‍ ദിവസേന പതിനയ്യായിരം പേര്‍ക്ക് വാക്സിനേഷന്‍ നടത്തിയെങ്കിലും തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ വാക്സിന്‍ ക്ഷാമം ഉണ്ട്. രണ്ട് ദിവസത്തിനകം ആവശ്യത്തിന് വാക്സിന്‍ എത്തുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി. പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇന്നും നാളെയും കൂടുതല്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ഇന്നും നാളെയുമായി മൂന്ന് ലക്ഷത്തോളം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ് നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി.
ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പോലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും.
സാഹചര്യം അവലോകനം ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. രാവിലെ പതിനൊന്നിനാണ് യോഗം. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ചയാകും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നടത്തേണ്ട തുടര്‍ നടപടിയും യോഗത്തില്‍ തീരുമാനിക്കും.
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണില്‍ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഇന്നലെ പഞ്ചയത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് നടപ്പിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. കൊവിഡ് പോസിറ്റീവായ ആളുകളെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്യുകയാണ് പ്രധാന ലക്ഷ്യം. അനാവശ്യമായി കറങ്ങിനടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ താക്കീത് നല്‍കി.