‘ദിവസവും ഒരു പെഗ് അടിക്കും, പിന്നെ ഒരു വാക്‌സിനും വേണ്ട’; ലോക്ക്ഡൗണില്‍ മദ്യം വാങ്ങാന്‍ എത്തിയ സ്ത്രീയുടെ വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യശാലകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടക്കാന്‍ തീരുമാനിച്ചതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മദ്യശാലയിലെത്തിയ മധ്യവയസ്‌കയുടെ പ്രതികരണമാണ്. ലോക്ക്ഡൗണ്‍ ആയതോടെ മദ്യം വാങ്ങാനാണ് ഇവര്‍ എത്തിയത്. ഒരു വാക്‌സിനും ഒരു പെഗ് മദ്യത്തിന് തുല്യമാകില്ല എന്നാണ് ഇവരുടെ വാദം. 35 വര്‍ഷമായി താന്‍ മദ്യപിക്കാറുണ്ടെന്നും ഇതുവരെ ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

35 വര്‍ഷമായി മദ്യപിക്കാറുണ്ട്. ഒരു വാക്‌സിനും ഒരു പെഗ് മദ്യത്തിന് തുല്യമാകില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നിട്ടില്ല. വൈറസിനെ ചെറുക്കാന്‍ കുത്തിവയ്പ്പിന് കഴിയില്ല. മറിച്ച് ദിവസം തോറും ഒരു പെഗ് മദ്യം കഴിക്കുക. മദ്യത്തിലുള്ള ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്ന വൈറസുകളെ തുരത്തും. – അവര്‍ പറഞ്ഞു.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുറച്ച് ദിവസത്തേക്കുള്ള മദ്യം വാങ്ങാനാണ് ഇവര്‍ മദ്യശാലയിലെത്തിയത്. ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലെത്തിയാണ് ഇവര്‍ മദ്യം വാങ്ങിയത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയില്‍ ഏറ്റവും തിരക്ക് അനുഭവപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു മദ്യശാലകള്‍. എഎന്‍ഐ പങ്കുവച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലാണ്.

അതേസമയം ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ നിര്‍ണായക ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത് വന്നു. വ്യാവസായിക ആവശ്യത്തിനായി ഓക്‌സിജന്‍ ഉപയോഗിക്കുന്നത് വെട്ടിക്കുറച്ച് പകരം ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓക്‌സിജന്റെ ആവശ്യം ഇപ്പോഴാണെന്നും, കാലതാമസമുണ്ടാകുന്നത് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓക്‌സിജന്‍ പാഴാകാത്ത വിധത്തില്‍ ഉപയോഗിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കുറവാണ്. ഓക്‌സിജന്‍ ക്ഷാമം തീര്‍ക്കാന്‍ തീവ്രശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. ഓക്‌സിജന്റെ ആവശ്യം ഏറുകയാണ്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഒരു ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News