32.8 C
Kottayam
Tuesday, May 7, 2024

മാലിന്യപ്പുക: ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുത്, നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Must read

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശത്തിൽ പറയുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.

ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എട്ടാം ദിവസവും ധാരാളം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ശ്വാസം മുട്ടല്‍, ചുമ, ചൊറിച്ചില്‍ എന്നിങ്ങനെയാണ് ജനങ്ങളെ പ്രധാനമായും അലട്ടുന്ന പ്രശ്‌നങ്ങള്‍. ചികിത്സയ്ക്കായി 17 പേര്‍ ബ്രഹ്‌മപുരം സബ് സെന്ററിലും എട്ട് പേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എത്തി. ഇതിന് പുറമെ നിരവധി പേര്‍ സ്വകാര്യ ആശുപത്രികളെയും സമീപിച്ചിട്ടുണ്ട്.

നിർദേശങ്ങൾ:

അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക.

 കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.

ജോഗിംഗ്, നടത്തം, അല്ലെങ്കിൽ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.

പുറത്തിറങ്ങേണ്ടി വന്നാല്‍ N95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക.

കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയർ കണ്ടീഷണറുകളില്‍ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ “റീ സർക്കുലേറ്റ്” മോഡ് ഉപയോഗിക്കുക.

വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ വലിക്കുന്നത് നിർത്തുക.

ധാരാളം പഴങ്ങൾ കഴിക്കുക, വെള്ളം കുടിക്കുക.

ആഹാര സാധനങ്ങള്‍ മൂടി വെച്ച് സൂക്ഷിക്കുകയും കൈയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക.

ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.

ഇൻഹേലര്‍, ഗുളികകള്‍ എല്ലാം പെട്ടെന്ന് എടുക്കാവുന്ന അകലത്തില്‍ സൂക്ഷിക്കുക.

ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക.

ശ്വാസതടസ്സം, ചുമ, നെഞ്ചിലെ അസ്വസ്ഥത / വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.

സംശയനിര്‍വാരണത്തിനായി ബന്ധപെടേണ്ട കൺട്രോൾ റൂം നമ്പറുകള്‍: .

8075774769, 0484 2360802

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week