കോട്ടയം: കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗബാധ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ജലദോഷപ്പനി ഉള്ളവരെ പഞ്ചായത്തുതലത്തില്‍ പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിച്ചു വരുന്ന കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍, കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശം. മലപ്പുറത്താണ് ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 10.3 ആയിരുന്നു മലപ്പുറത്തെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 12.5 ആയി ഉയര്‍ന്നിരിക്കുകയാണ്. കണ്ണൂരില്‍ 2.3 ആയിരുന്നത് 4. 3 ആയി ഉയര്‍ന്നു. കോട്ടയത്ത് 3. 1 ആയിരുന്ന നിരക്ക് 4.9 ആയി ഉയര്‍ന്നു. എന്നാല്‍, തിരുവനന്തപുരത്തെ പോസിറ്റിവിറ്റി നിരക്ക് 9.2 ആയിരുന്നത് 8.9 ആയി കുറഞ്ഞിട്ടുണ്ട് എന്നത് ആശാവഹമാണ്.അതുകൊണ്ടുതന്നെ ഈ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
ഇനി മുതല്‍ ജലദോഷപ്പനിയുമായി ആശുപത്രികളില്‍ ചികിത്സ തേടുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതിന് പഞ്ചായത്ത് തലത്തില്‍ തന്നെ സംവിധാനമൊരുക്കണം. എന്നാല്‍, ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് അധിക രോഗവ്യാപനം ഉണ്ടായിട്ടില്ല എന്ന വിവരവും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ക്ലസ്റ്ററുകള്‍ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.