HealthKeralaNews

ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയ നേട്ടം കൈവരിക്കാനാകും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു

 

തിരുവനന്തപുരം: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശുപത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേരളത്തിന് ഇത്രയും പുരസ്‌കാരങ്ങള്‍ നേടിത്തന്നത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്ന് വലിയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശാരീരികവും മാനസികമായ ആരോഗ്യം ഉറപ്പ് വരുത്തി ആശുപത്രികളെ ഏറ്റവും മികവുറ്റതാക്കുക എന്നതാണ് ലക്ഷ്യം. ആ ഒരു ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി രാജ്യത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങളില്‍ 12 എണ്ണവും കേരളത്തിന് നേടായി. മാതൃ, ശിശു മരണ നിരക്കില്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളുമാണ് കേരളത്തെ ഏറ്റവുമധികം അലട്ടുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ചില മാര്‍ഗരേഖയനുസരിച്ച് ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്രതിദിനം പ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമാക്കിയത്. അതിന്റെ പരിപൂര്‍ണതയ്ക്ക് എല്ലാവരും ഇനിയും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തെ അലട്ടുന്ന മറ്റൊന്നാണ് ജീവിതശൈലീ രോഗങ്ങള്‍. 55,000 ത്തോളം പുതിയ ക്യാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയാണ് അബലംബിക്കുന്നത്. രോഗം വന്നവരുടെ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങളാണ് ആശുപത്രികളിലൊരുക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്കായി അമൃതം ആരോഗ്യം പദ്ധതി നടപ്പിലാക്കി. രോഗം മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ക്കൂടി സൗകര്യമുണ്ടാക്കി.

266 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍ ആദ്യ വര്‍ഷത്തില്‍ തന്നെ സാധിച്ചു. രണ്ടാമത്തെ വര്‍ഷത്തില്‍ 504 കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അവയില്‍ മിക്കതിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ കായകല്‍പ്, നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്), സംസ്ഥാനത്തെ തന്നെ അക്രഡിറ്റേഷന്‍ പദ്ധതിയായ കാഷ് (KASH) എന്നീ അവാര്‍ഡുകള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മാനിച്ചു.

ജില്ലാതല ആശുപത്രികളില്‍ ഒന്നാം സ്ഥാനത്തെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് 50 ലക്ഷം രൂപ സമ്മാനിച്ചു. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോഴിക്കോട് ജനറല്‍ ആശുപത്രി (ബീച്ച് ഹോസ്പിറ്റല്‍) 20 ലക്ഷം രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആലുവ (എറണാകുളം) ജില്ലാ അശുപത്രി 5 ലക്ഷം രൂപയും ഏറ്റുവാങ്ങി. ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ നേടിയ 8 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്‍കി.

സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ 15 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പയ്യന്നൂര്‍ 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കൊടുങ്ങല്ലൂര്‍ 3 ലക്ഷം രൂപയും ഏറ്റുവാങ്ങി. സബ് ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 4 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിച്ചു. മികച്ച സാമൂഹ്യാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം/പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചു.

ഇതോടൊപ്പം എന്‍.ക്യൂ.എ.എസ് കരസ്ഥമാക്കിയ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡും കാഷ് (KASH) അവാര്‍ഡും വിതരണം ചെയ്തു. സംസ്ഥാനത്ത് നിന്നും ഇതുവരെ 55 സ്ഥാപനങ്ങളാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്. ഇതോടുകൂടി രാജ്യത്തെ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവെയ്ച്ചു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി. ഈ സ്ഥാപനങ്ങളും അവാര്‍ഡ് ഏറ്റുവാങ്ങി.

എന്‍.ക്യു.എ.എസ് അംഗീകാരം നേടിയ 55 ആശുപത്രികളെ ഉള്‍ക്കൊള്ളിച്ച ‘നാള്‍വഴികള്‍’ എന്ന ആല്‍ബത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

നഗരസഭ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഡല്‍ഹി എന്‍.എച്ച്.എസ്.ആര്‍.സി. അഡൈ്വസര്‍ ഡോ. ജെ.എന്‍. ശ്രീവാസ്തവ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.ഡി. ദേവസ്യ എം.എല്‍.എ., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. രാജു, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസര്‍ ഡോ. അംജിത് ഇ കുട്ടി എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker