പട്‌ന: സ്‌കൂളിലെ പ്രധാനാധ്യാപികയെ സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ തല്ലിച്ചതച്ചു. ബിഹാറിലെ കോറിയ പഞ്ചായത്ത് വിദ്യാലയത്തിലെ പ്രധാനാധ്യാപികയെയാണ് സഹപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂളിലെ ജനല്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരോട് വിശദീകരണം തേടിയിട്ടുണ്ട്.
സ്‌കൂളിലെ ജനലുകള്‍ അടയ്ക്കുന്നതിനെച്ചൊല്ലിയാണ് പ്രധാനാധ്യാപികയും അധ്യാപികമാരും തമ്മില്‍ തര്‍ക്കമുണ്ടായത്. സ്‌കൂളിലെ ക്ലാസ് മുറിയില്‍ നടന്ന യോഗത്തിനിടെയായിരുന്നു വാക്കേറ്റം. തുടര്‍ന്ന് അധ്യാപികമാരില്‍ ഒരാള്‍ പ്രധാനാധ്യാപികയോട് തട്ടിക്കയറുകയും പുറത്തേക്ക് ഓടിയ അധ്യാപികയെ പിന്തുടര്‍ന്നെത്തി ചെരിപ്പൂരി അടിക്കുകയുമായിരുന്നു. ഇതോടെ മറ്റൊരു അധ്യാപികയും ഓടിയെത്തി പ്രധാനാധ്യാപികയെ കൈകാര്യം ചെയ്തു. ക്ലാസ്മുറിയില്‍ തുടങ്ങിയ തര്‍ക്കവും ആക്രമണവും ഒടുവില്‍ സ്‌കൂള്‍ കെട്ടിടത്തിന് പുറത്തെത്തി. തുടര്‍ന്ന് രണ്ട് അധ്യാപികമാരും ചേര്‍ന്ന് പ്രധാനാധ്യാപികയെ പൊതിരെതല്ലുകയായിരുന്നു.
ചെരിപ്പൂരിയും വടികൊണ്ടുമെല്ലാം അധ്യാപികമാര്‍ പ്രധാനാധ്യാപികയെ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രധാനാധ്യാപികയുടെ മുടിയില്‍ കുത്തിപ്പിടിച്ചും പിറകുഭാഗത്ത് നിരന്തരം ഇടിച്ചും ആക്രമണം തുടര്‍ന്നു. സംഭവം നടക്കുമ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും സ്ഥലത്തുണ്ടായിരുന്നു. അധ്യാപികമാരുടെ തര്‍ക്കവും അടിയെല്ലാം കണ്ട് അമ്പരന്നിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.
ആക്രമണത്തിന്റെ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവമറിഞ്ഞത്. സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ രണ്ട് അധ്യാപികമാരോടും വിശദീകരണം ചോദിച്ചതായും അന്വേഷണത്തിന് ശേഷം ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നവേഷ് കുമാര്‍ അറിയിച്ചു.