കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയില്‍ തുടരുന്ന കുട്ടിയുടെ അമ്മയുമായി ഫോണില്‍ സംസാരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒന്‍പതുവയസുകാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രിയിലെത്തി ഡോക്ടര്‍മാരോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചോദിച്ചറിഞ്ഞു. ഇതിനുശേഷം ആയിരുന്നു ക്വാറന്റൈനില്‍ കഴിയുന്ന കുട്ടിയുടെ അമ്മയുമായി മന്ത്രി ഫോണില്‍ സംസാരിച്ചത്.
‘എട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്. എനിക്കവനെ ജീവനോടെ തിരിച്ച് വേണം’, കുട്ടിയുടെ അമ്മ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് പറഞ്ഞ വാക്കുകളാണിത്. ആരോഗ്യമന്ത്രി ഫോണില്‍ കൂടി കുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ ആയിരുന്നു കുട്ടിയുടെ അമ്മ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ എട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്. എനിക്ക് അവനെ ജീവനോടെ തിരിച്ച് വേണം. എന്റെ ഡോക്ടറെ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ പോന്നത്. എനിക്ക് പോരാന്‍ മനസില്ലായിരുന്നു. നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങ് പോന്നത്’, അമ്മ മന്ത്രിയോട് പറഞ്ഞു. ‘വിഷമിക്കേണ്ട മോനെ നന്നായി നോക്കുന്നുണ്ട്, വളരെ ശ്രദ്ധയോടെ അവനെ നോക്കുന്നുണ്ട്, അവന്‍ മിടുക്കനായി തിരിച്ച് വരും, ആരോഗ്യമന്ത്രി അമ്മയ്ക്ക് ഉറപ്പുനല്‍കി.
സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു നിപ രോഗിയടക്കം 23 പേരാണ് നിലവിലുള്ളത്. നാലുപേര്‍ ഐ.എം.സി.എച്ചിലും ഐസൊലേഷനില്‍ കഴിയുന്നു. 1,233 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പുതുതായി 44 പേരും ഇതില്‍ ഉള്‍പ്പെട്ടു. കണ്‍ടെയ്ന്‍മെന്റ് സോണില്‍ 34167 വീടുകളില്‍ ഇതുവരെ സന്ദര്‍ശനം നടത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുകയാണെന്നും രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു
നിപയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി 36 വവ്വാലുകളുടെ മൂന്ന് സാമ്പിള്‍ വീതം എടുത്ത് പുണെ ലാബിലേക്കയച്ചു. വൈറസിന്റെ ജനിതക ഘടന പരിശോധിക്കും. പുതിയ മോണോ ക്ലോണല്‍ ആന്റിബോഡി എത്തിക്കും. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വന്‍സിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും. നിപരോഗികള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.