കൊച്ചി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ കെമിക്കല്‍ സ്പ്രേ അടിച്ച കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യ അനുവദിച്ചത്. ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്, സി.ജി രാജഗോപാല്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ബിന്ദു അമ്മിണിയുടെ പരാതി ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസില്‍ അറസ്റ്റിലായാല്‍ 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.
2019 നവംബര്‍ 26ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കമ്മീഷണര്‍ ഓഫീസിലെത്തിയത്.
ശരണമന്ത്രങ്ങള്‍ മുഴക്കികൊണ്ട് അടുത്ത വന്ന പ്രതികള്‍ ബിന്ദുവിന്റെ മുഖത്തേക്കും ശരീരത്തിലേക്കും കെമിക്കല്‍ സ്‌പ്രേ അടിക്കുകയായിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരാതിപ്പെട്ടത്. എന്നാല്‍ പ്രതികള്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികള്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയതെന്നും കോടതി പറഞ്ഞു.