26.9 C
Kottayam
Monday, May 6, 2024

ഹവായി ദ്വീപില്‍ കാട്ടുതീ,36 മരണം പസിഫിക് സമുദ്രത്തില്‍ ചാടി ആളുകള്‍

Must read

കഹുലുയി: പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ മരിച്ചു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്. ആളുകള്‍ ജീവന്‍ രക്ഷിക്കാനായി പസിഫിക് സമുദ്രത്തിലേക്കു ചാടുകയായിരുന്നു. ഇവരില്‍ പലരെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ഇരുപതോളം പേരെ വിമാനമാര്‍ഗം സമീപദ്വീപിലെ ആശുപത്രിയിലെത്തിച്ചു. 

ഏറെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിൽ അടുത്തടുത്തായി നൂറുകണക്കിന് വീടുകളും വലിയ ഹോട്ടലുകളുമാണുള്ളത്. ഇവയിൽ മിക്കതും അഗ്നിക്കിരയായി.  11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. പതിനാറോളം റോഡുകള്‍ അടച്ചെങ്കിലും മൗഇ വിമാനത്താവളം തുറന്നു പ്രവര്‍ത്തിച്ചു. 

നഗരത്തില്‍നിന്നു കുറച്ചുദൂരെ മാറി വീശിയടിച്ച ചുഴലിക്കാറ്റാണ് കാട്ടുതീ വ്യാപിക്കാന്‍ കാരണമായത്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരു ഹൈവേ ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചതോടെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. ദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് പല സ്ഥലങ്ങളും പൂര്‍ണമായി അഗ്നിക്കിരയായി. 

ഇത്തരത്തിലൊരു ദുരന്തം ഇതുവരെ കണ്ടിട്ടില്ലെന്നും ലഹായിന സിറ്റി വെന്തുവെണ്ണീറായെന്നും നഗരത്തില്‍നിന്നു രക്ഷപ്പെട്ട മാസണ്‍ ജാര്‍വി പറഞ്ഞു. ബൈക്കില്‍ തന്റെ നായയെയും കൂട്ടി തീനാളങ്ങള്‍ക്കിടയിലൂടെ ഒരുവിധത്തിലാണു രക്ഷപ്പെട്ടതെന്നും ശരീരത്തിന്റെ പലഭാഗങ്ങളിലും പൊള്ളലേറ്റുവെന്നും ജാര്‍വി പറഞ്ഞു.

ലഹായിനയുടെ പലഭാഗങ്ങളില്‍നിന്നും പുക ഉയരുന്നതിന്റെ ആകാശദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബോംബിട്ടതിനു സമാനമായ ദൃശ്യങ്ങളായിരുന്നുവെന്നും യുദ്ധമേഖലയിലൂടെ സഞ്ചരിച്ചതു പോലെ തോന്നിയെന്നും ഹെലികോപ്റ്റര്‍ പൈലറ്റായ റിച്ചാര്‍ഡ് ഓള്‍സ്‌റ്റെന്‍ പറഞ്ഞു. മുന്നൂറോളം കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച കാട്ടുതീയില്‍ ആയിരക്കണക്കിന് ഏക്കര്‍ കത്തിനശിച്ചിട്ടുണ്ട്. 

ആല്‍മരങ്ങള്‍ക്കിടയിലൂടെ കാട്ടുതീ വ്യാപിച്ച് സര്‍വതും ചുട്ടെരിക്കുകയായിരുന്നുവെന്നും ഒരുവിധത്തിലാണ് ഓടിരക്ഷപ്പെട്ടതെന്നും സ്ഥലത്തുണ്ടായിരുന്ന ഡസ്റ്റിന്‍ ജോണ്‍സണ്‍ എന്നയാള്‍ പറഞ്ഞു. ലഹായിന നിവാസികള്‍ക്കു വീടും മൃഗങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പരമാവധി ശേഷിയിലും കൂടുതല്‍ ആളുകളാണ് എത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week