ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിന് ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അന്വേഷണം പൂര്‍ത്തിയായ ശേഷം കേസിന്റെ വിചാരണ ഡല്‍ഹിക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവില്‍ അലഹബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റേയും പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്യം സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകള്‍ അടിയന്തരമായി കോടതി രേഖകളില്‍ നിന്നും നീക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.