26.9 C
Kottayam
Sunday, May 5, 2024

വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍, വീടിനു മുന്നില്‍ പ്രതിഷേധം

Must read

ആലപ്പുഴ ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിൽച്ചാടിയ കുട്ടിയും കുടുംബാംഗങ്ങളും വീട്ടിൽ തിരിച്ചെത്തി. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്കാണ് ഇവർ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വീടിനു മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതിനു പിന്നാലെ ഇവർ വീട് പൂട്ടി മാറിനിൽക്കുകയായിരുന്നു. പൊലീസ് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരുന്നു. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദത്തിന് ആസ്പദമായ സംഭവം. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളി വിവാദമായതോടെ സംഭവത്തിൽ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകളും ഇടപെട്ടു. ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചു.

മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസമയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരെയും മുദ്രാവാക്യം ഏറ്റുവിളിച്ചവരെയും കണ്ടെത്താൻ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരുന്നു നടപടി. കേസിൽ ദേശീയ ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.

റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 18 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. റാലിയിൽ പങ്കെടുത്ത 20ൽ അധികം പേരെ ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ 18 പേരുടെ അറസ്റ്റാണ് രാത്രി രേഖപ്പെടുത്തിയത്. ഇവരെ രാത്രി തന്നെ മജിസ്ട്രേട്ടിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയും കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

അഭിഭാഷക പരിഷത്ത് നൽകിയ പരാതിയിലാണ് വിദ്വേഷ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെ കേസിൽ പ്രതിചേർക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് വ്യക്തമാക്കിയിരുന്നു. ശേഷം അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week