തിരുവനന്തപുരം:കോവിഡ് ഭീതിയെ തുടർന്ന് നഗരസഭ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ പാർപ്പിച്ചിട്ടുള്ള യാചകർ ഉൾപ്പെടെയുള്ളവർ സ്‌കൂളിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് മന്ത്രിമാരായ വി.എസ്.സുനിൽ കുമാർ കടകംപള്ളി സുരേന്ദ്രൻ,മേയർ കെ.ശ്രീകുമാർ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുൻ മേയർ വി.ശിവൻ കുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു.
നഗരസഭയുടെയുടെ,കൃഷി മാലിന്യ സംസ്കരണ പ്രവർങ്ങനങ്ങളിൽ സഹകരിച്ച് വരുന്ന
ക്യാമ്പിലുള്ളവർക്ക് സ്ഥിരം വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിനായി ഇവരെ മാത്രമായി തിരഞ്ഞെടുത്ത് നഗരസഭ രൂപീകരിച്ച 70 പേരടങ്ങുന്ന കാർഷികാരോഗ്യസേനയുടെ പ്രഖ്യാപനം കൃഷി മന്ത്രി വിഎസ്.സുനിൽ കുമാർ നടത്തി.
ഇന്ത്യക്ക് തന്നെ മാതൃകയാണ് തെരുവിൽ അലഞ്ഞു നടന്നിരുന്നവർക്ക് പുതുജന്മം നൽകി നഗരസഭ രൂപീകരിച്ച കാർഷികാരോഗ്യ സേനയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനം മുഴുവൻ തിരുവനന്തപുരം മാതൃകയിൽ കാർഷികാരോഗ്യ സേന രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തെരുവിൽ കഴിയുന്നവരെക്കൂടി പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ യാചകർ ഉൾപ്പെടയുള്ളവർക്ക് നഗരസഭ ക്യാമ്പൊരുക്കിയത്.
മുഖ്യമന്ത്രി കൃഷി ചെയ്യാൻ ആഹ്വാനം ചെയ്തപ്പോൾ അവർ കൃഷിയും ചെയ്തു.
തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറികൾ തങ്ങളെ ഇത് വരെ ഊട്ടിയ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനങ്ങൾക്കായി അവർ മേയർ കെ.ശ്രീകുമാറിനെയും ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനെയും ഏൽപ്പിച്ചു.
ലോക്ക് ഡൗൺകഴിഞ്ഞാലും ക്യാമ്പിലുള്ളവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മേയർ അറിയിച്ചു.