കൊല്ലം: എസ് ഡി പി ഐ ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ഹർത്താൽ അനുകൂലിയായ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ ദിനത്തിലാണ് സംഭവം നടന്നത്. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിവിൽ പൊലീസ് ഓഫീസർ നിഖിൽ എന്നിവരെയാണ് ഷംനാദ് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് പൊലീസുകാർ ഇങ്ങോട്ടേക്ക് എത്തിയത്. ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഷംനാദ്, താൻ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊലീസുകാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അതേസമയം ഷംനാദ് നിർത്താതെ ബൈക്ക് ഓടിച്ച് കടന്നുകളയുകയുമായിരുന്നു. പ്രതിയെ പിടിക്കാൻ മറ്റ് പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഷംനാദിനെ അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാൾ ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം കണ്ണൂരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളിലെ പൊലീസ് റെയ്ഡ് ഇന്നും തുടർന്നേക്കും. വെളളിയാഴ്ച്ചത്തെ ഹർത്താലിൽ അക്രമം ആസുത്രണം ചെയ്തവരെ കണ്ടെത്തുകയാണ് റെയിഡിലൂടെയുള്ള പൊലീസിന്റെ ലക്ഷ്യം. ജില്ലയിലെ പല ഭാഗങ്ങളിലും ഇന്നലെ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറകളും ബാങ്ക് രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുന്നതോടെ ആക്രമണ സംഭവങ്ങളുടെ ഗൂഡാലോചന തെളിയിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഹർത്താൽ ആക്രമങ്ങളിൽ കണ്ണൂർ സിറ്റി പരിധിയിൽ മാത്രം 50 ഓളം കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പലരെയും പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.