26.2 C
Kottayam
Thursday, May 16, 2024

ഹർത്താൽ: കടുത്ത നടപടിയുമായി ഹൈക്കോടതി, പിഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ എല്ലാ കേസിലും പ്രതി ചേർക്കണം

Must read

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും നിർദേശം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തിൽ  സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന്  ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും.

അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ട് കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്രസർക്കാർ നിരീക്ഷിക്കും. 

അതിനിടെ, അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ ഇന്ന് കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്നലെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. അബ്ദുൾ സത്താറിനെ രാത്രിയോടെ പൊലീസ് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. യുഎപിഎ, ഗൂഢാലോചന, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് അബ്ദുള്‍ സത്താറിനെതിരെ ചുമത്തിയിട്ടുള്ളത്. 

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം എട്ട് അനുബന്ധ സംഘടനകളെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് അബ്‌ദുൽ സത്താറ്‍ പിടിയിലായത്. രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുല‌ർ ഫ്രണ്ടിനെ നിരോധിച്ചത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week