അതിജീവനത്തിന്റെ പ്രത്യാശയില്‍ ഇന്ന് മലയാളിയ്ക്ക് തിരുവോണം
കൊച്ചി:മാവേലി നാടിന്റെ നിറമുള്ള ഓര്‍മ്മകള്‍ അയവിറക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസില്‍ മുഴുവന്‍ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസമാണ് ഇന്ന്.
ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇക്കുറിയും ഓണം. അതുകൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്. അകലം പാലിച്ച്, ഹൃദയം ചേര്‍ത്തു പിടിച്ച് ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. കഷ്ടത ഏറെ നിറഞ്ഞ ഈ കോവിഡ് കാലത്ത് മലയാളി ഏറെ ജാഗ്രതയോടെയാണ് ഓണം ആഘോഷിക്കാന്‍ പോകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം ആഘോഷങ്ങള്‍.
കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്ക്കും. മനം നിറയെ തുമ്ബയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്നകാലം.
വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാന്‍ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ച് നാമെല്ലാം കേട്ടിരിക്കുന്ന ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ് ഓണമെന്നും സങ്കല്‍പ്പമുണ്ട്.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.
മഹാമാരിക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ടുള്ള ഈ ഓണ ദിനങ്ങളെ നമുക്ക് കരുതലോടെയും സുരക്ഷയോടെയും വരവേല്‍ക്കാം. എല്ലാ മലയാളികള്‍ക്കും ബ്രേക്കിംഗ് കേരളയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.