InternationalNewsTop Stories

ഭീതിയുടെ ഉഷ്ണരാശികള്‍; കാണ്ഡഹാര്‍ കടന്ന് കാബൂള്‍

ന്യൂഡല്‍ഹി:കാണ്ഡഹാറില്‍ 22 വര്‍ഷം മുന്‍പ് അനുഭവിച്ച ഭീതിയുടെ തടവറ രംഗങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും കണ്ടതെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ ദേവി ശരണ്‍. ”അന്ന് തോക്കിന്‍മുനയില്‍ ഞങ്ങളും യാത്രക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരു ജനക്കൂട്ടമുണ്ട്. എന്നാല്‍ സാഹചര്യങ്ങളെല്ലാം ഒരുപോലെയാണ്”- ദേവി ശരണ്‍ ഓര്‍മകളുടെ കോക്പിറ്റില്‍ അമര്‍ന്നിരുന്നു.

ഭീകരര്‍ തട്ടിയെടുത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റായിരുന്നു ദേവി ശരണ്‍. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ കറുത്ത അധ്യായം അരങ്ങേറിയത് 1999 ഡിസംബര്‍ 24 ന്. നേപ്പാളിലെ കഠ്മണ്ഡുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട വിമാനത്തില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 5 പാക്ക് ഭീകരരാണ് വിമാനം തട്ടിയെടുത്ത് താലിബാന്‍ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിലെത്തിച്ചത്.

ആകാശത്തു നടന്നത് അതിനാടകീയ സംഭവങ്ങളായിരുന്നു. ലഹോറിലേക്ക് വിമാനം പറത്താനാണ് ഭീകരര്‍ ആദ്യം ക്യാപ്റ്റനോടാവശ്യപ്പെട്ടത്. എന്നാല്‍, പാക്കിസ്ഥാന്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതോടെ അമൃത്‌സറില്‍ ഇറങ്ങി. പിന്നീട് വീണ്ടും ലാഹോറിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. അവിടെ ഇറങ്ങി മണിക്കൂറുകള്‍ക്കകം ദുബായിലേക്ക് പറന്നു. അവിടെ നിന്ന് കാണ്ഡഹാറിലേക്ക് പോയി.

ഇന്ത്യന്‍ ജയിലിലായിരുന്ന കൊടുംഭീകരരായ മസുദ് അസ്ഹര്‍, ഒമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സെയ്ഗര്‍ എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം. അതിനാണ് യാത്രക്കാരുടെ ജീവന്‍ വച്ച് ഒരാഴ്ച വിലപേശിയത്. രംഗം ഭീതിജനകമാക്കാന്‍ യാത്രക്കാരിലൊരാളായ രുപന്‍ കട്യാലിനെ അവര്‍ കുത്തിക്കൊന്ന് പുറത്തേക്കെറിഞ്ഞു. ഭീകരതയുടെ നിഷ്ഠുരമായ വിളയാട്ടങ്ങള്‍ക്ക് സാക്ഷിയായി സഹയാത്രക്കാര്‍ വിറങ്ങലിച്ചുപോയ നിമിഷം. മധുവിധു ആഘോഷിക്കാന്‍ കഠ്മണ്ഡുവില്‍ പോയി മടങ്ങുകയായിരുന്നു രൂപനും നവവധു രച്‌നയും.

”രണ്ടു തരം താലിബാന്‍കാരെയാണ് ഞാനന്ന് കാണ്ഡഹാറില്‍ കണ്ടത്. ഒന്ന് കബാലിയെന്നറിയപ്പെടുന്ന കൂട്ടം. അവര്‍ തലപ്പാവും യന്ത്രത്തോക്കുകളുമായി നടക്കുന്ന സദാചാരപൊലീസാണ്. മറ്റൊന്ന് കമാന്‍ഡോകള്‍. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് അവര്‍ വിമാനത്തില്‍ ഭീകരര്‍ക്കൊപ്പം നിലയുറപ്പിച്ചത്”- ശരണ്‍ ഓര്‍മിക്കുന്നു.

ഇന്ത്യന്‍ എയര്‍ലൈന്‍സ് പിന്നീട് എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചു. ദേവി ശരണ്‍ കഴിഞ്ഞവര്‍ഷം വിരമിച്ചു. അന്ന് ഒപ്പമുണ്ടായിരുന്ന ഫ്‌ലൈറ്റ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ ജഗ്ഗിയ 8 വര്‍ഷം മുന്‍പ് മരിച്ചു. ഫസ്റ്റ് ഓഫിസര്‍ രജീന്ദര്‍ കുമാര്‍ ഇപ്പോലും സര്‍വീസിലുണ്ട്. ഭീകരര്‍ വിട്ടയച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ശരണ്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ആദ്യ ഫ്‌ലൈറ്റ് കരിപ്പൂരിലേക്കായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker