ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലയ്ക്കുപയോ​ഗിച്ച കൊടുവാളും കണ്ടെത്തിയതായി പൊലീസ്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. 

പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയിരിക്കുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി. പലവിധ നി​ഗമനങ്ങളിലേക്ക്  പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകിൽ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക്  ഒളിച്ചുപോയിരിക്കാം. അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം.

പൊലീസിന്റെ നി​ഗമനത്തിൽ മറ്റൊന്ന് വിഷം കഴി‍ച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയുടെ കൊലപാതകം. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്.

അതേസമയം, ചെന്താമരയ്‌ക്കെതിരെ നേരത്തെ തന്നെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മാനസികരോഗിയായ ഇയാള്‍ അപകടകാരിയാണെന്നും ഇയാളെ ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. പക്ഷെ ഇതില്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചെന്താമരയുടെ ഭാര്യയും മകളും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അയല്‍വാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം.

ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരൻ തമിഴ്നാട്ടിൽ ഡ്രൈവറാണ്. ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബർ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News