ഹൈദരാബാദ്:തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സമാന്ത. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും സമാന്ത സൂപ്പറാണ്. തന്റെ കരിയറിലേയും ജീവിതത്തിലേയും വെല്ലുവിളികളെ സമാന്ത അതിജീവിച്ചത് അസാധ്യമായിട്ടാണ്. ജീവിതത്തില്‍ തുടരെ തുടരെ തിരിച്ചടികള്‍ ലഭിക്കുമ്പോഴും കരിയര്‍ ഉപേക്ഷിക്കാനോ തളരാനോ സമാന്ത തയ്യാറായിട്ടില്ല. ഇന്ന് രാജ്യം മുഴുവന്‍ ആരാധകരുള്ള പാന്‍ ഇന്ത്യന്‍ താരമാണ് സമാന്ത.
കരിയറിലുടനീളം വിമര്‍ശനങ്ങളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശിക്കുന്നവരേയും അധിക്ഷേപങ്ങളേയുമെല്ലാം സമാന്ത നേരിടുന്ന രീതിയും കയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ചിട്ടി ബാബുവിന് സമാന്ത നല്‍കിയ മറുപടിയും ഇത്തരത്തില്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സമാന്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിട്ടി ബാബു.
സമാന്ത നായികയായി എത്തിയ ശാകുന്തളം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിട്ടി ബാബു വിമര്‍ശനവുമായി എത്തിയത്. നായികയായുള്ള സമാന്തയുടെ കാലം കഴിഞ്ഞുവെന്നും ഇനി മുതല്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ചിട്ടി ബാബുവിന്റെ വിമര്‍ശനം. ഇതിന് സമാന്ത നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു.
തന്റെ സിനിമകള്‍ വിജയിപ്പിച്ചെടുക്കാന്‍ സമാന്ത വില കുറഞ്ഞ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. സമാന്തയുടെ നായികയായുള്ള കരിയര്‍ അവസാനിച്ചു. കരിയര്‍ തിരിച്ചു പിടിക്കാനുള്ള ശ്രമമായിരുന്നു പുഷ്പയിലെ ഐറ്റം സോംഗ് എന്നൊക്കെയായിരുന്നു ചിട്ടി ബാബുവിന്റെ വിമര്‍ശനം. ശാകുന്തളത്തില്‍ സമാന്ത നായികയായി എത്തി എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പേരെടുത്ത് പറയാതെ ചിട്ടി ബാബുവിന് പരോക്ഷമായൊരു മറുപടിയായിരുന്നു സമാന്ത നല്‍കിയത്. എന്തുകൊണ്ടാണ് ചെവിയില്‍ രോമം വളരുന്നത് എന്ന ഗൂഗിള്‍ സര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ടായിരുന്നു സമാന്ത പങ്കുവച്ചത്. ചോദ്യം ഉത്തരമായി ലഭിച്ചിരിക്കുന്നത് ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടിയതിനാലാണ് എന്നായിരുന്നു. ചിട്ടി ബാബുവിന്റെ ചെവിയില്‍ രോമങ്ങള്‍ ഉള്ളതിനാല്‍ സമാന്തയുടെ മറുപടി ചിട്ടി ബാബുവിനെ ഉന്നം വച്ചുള്ളത് തന്നെയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടേത്.
ഇതില്‍ ഇപ്പോഴിതാ ചിട്ടി ബാബു പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ”എന്റെ ചെവിയില്‍ രോമമുള്ളത് അവള്‍ ശ്രദ്ധിച്ചു. എന്റെ ശരീരത്തില്‍ വേറെ പലയിടത്തും രോമമുണ്ട്. അതൊക്കെ പരിശോധിച്ച് റിപ്പോര്‍ട്ട് തരുന്നതിന് എനിക്ക് മടിയില്ല” എന്നാണ് ഒരു അഭിമുഖത്തില്‍ ചിട്ടി ബാബു പറയുന്നത്. സമാന്ത ചെറുപ്പക്കാരികളായി നായികമാരെ അവതരിപ്പിക്കാന്‍ അനുയോജ്യയല്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ചിട്ടി ബാബു പറയുന്നുണ്ട്.
സമാന്ത ഇപ്പോള്‍ 18-20 വയസുകാരിയല്ല. അതിനാല്‍ ശകുന്തളയാകാന്‍ ചേരില്ലായിരുന്നു. സമാന്തയുടെ ഗ്ലാമറസ് കാലം കഴിഞ്ഞു. ഇനി മുതല്‍ സഹനടി വേഷങ്ങള്‍ ചെയ്യുന്നതായിരിക്കും നല്ലത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സമാന്ത ഒരുക്കമായിട്ടില്ലെന്നും ചിട്ടിബാബു പറയുന്നുണ്ട്. ഇതിനോട് എങ്ങനെയായിരിക്കും സമാന്ത പ്രതികരിക്കു എന്നാണ് സിനിമാ ലോകവും ആരാധകരും ഉറ്റു നോക്കുന്നത്.
ശാകുന്തളം തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും മികച്ചൊരു ലൈനപ്പ് തന്നെ സമാന്തയുടേതായി അണിയറയിലുണ്ട്. തെലുങ്കില്‍ സമാന്തയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം ഖുഷിയാണ്. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ സിറ്റഡല്‍ സീരീസും അണിയറയിലുണ്ട്. വരുണ്‍ ധവാനാണ് സീരീസിലെ നായകന്‍. ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയുമാണ് സിറ്റഡല്‍ സംവിധാനം ചെയ്യുന്നത്. റൂസോ സഹോദരന്മാരാണ് സീരീസിന്റെ ക്രിയേറ്റര്‍മാര്‍.