KeralaNews

കുട്ടികളുടെ ജീവനാണ് പ്രധാനം,ഹെൽമെറ്റ് സൂക്ഷിക്കാൻ സ്‌കൂളിൽ സൗകര്യമൊരുക്കും:മന്ത്രി

തിരുവനന്തപുരം: എ.ഐ. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ ജീവനാണോ വലുത് ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്‌നമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മാതാപിതാക്കള്‍ നിയമം പാലിക്കുന്നത് നിര്‍ബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അസൗകര്യമുണ്ടെങ്കില്‍ ഹെല്‍മറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളില്‍ ഒരുക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് നടപ്പിലാക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ പറ്റില്ല. ഇപ്പോഴാണ് കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം വന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണിത്. താത്കാലികമായ എളുപ്പത്തിന് വേണ്ടി അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.

നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആദ്യം കുറച്ച് ദിവസം പ്രയാസങ്ങളുണ്ടാകുമായിരിക്കും. എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നം. ഒരു ബൈക്കില്‍ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകാന്‍ പറ്റില്ല. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ വിദ്യാര്‍ഥികളയേ കയറ്റാന്‍ പാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തക പരിഷ്‌കരണത്തേയും അദ്ദേഹം വിമര്‍ശിച്ചു. പരിഷ്‌കരണത്തിന് പാഠപുസ്തകം വായിച്ചാല്‍ മഹാത്മാഗാന്ധി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതുപോലെയാണ് തോന്നുക. വരും തലമുറ ഈ ചരിത്രമൊന്നും പഠിക്കാന്‍ പാടില്ലെന്ന രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പാഠപുസ്തകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയത്.

രാഷ്ട്രപിതാവ് ആരാണെന്നും ആര്‍.എസ്.എസിന്റെ യഥാര്‍ഥമുഖം എന്താണെന്നും ഗുജറാത്തില്‍ കലാപം നടന്നതായും അടുത്ത തലമുറ അറിയാന്‍ പാടില്ല എന്ന വിധത്തിലാണ് പരിഷ്‌കരണം. ചരിത്രത്തിലും വിദ്യാഭ്യാസത്തിലുമാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അത് കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

നിലവിലെ കേന്ദ്രനിയമപ്രകാരം നാലുവയസ്സിന് മുകളിലുള്ള കുട്ടികളെ പൂര്‍ണ്ണയാത്രികരായി പരിഗണിക്കും. ഇതോടെ രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കാന്‍ കഴിയും. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യവസ്ഥ കര്‍ശനമാവുകയും ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker