തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കശ്മീരി യുവാവിനെ കണ്ടെത്തിയ സംഭവത്തില്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളി സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍. കശ്മീര്‍ അനന്ത് നാഗ് സ്വദേശിയായ മുഷ്താഖ് അഹമ്മദ് പണ്ഡിറ്റിനെ (45) തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും അങ്ങനെയൊരു സാഹചര്യമില്ലെന്ന് ഡിജിപി വ്യക്തമാക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കശ്മീര്‍ പോലീസും ബന്ധുക്കളും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ 21-നാണ് ക്ഷേത്ര പരിസരത്ത് അസ്വാഭാവിക സാഹചര്യത്തില്‍ മുഷ്താഖിനെ ഭക്തര്‍ കണ്ടത്. സംശയം തോന്നിയ ഭക്തര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍, ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കശ്മീരിലെ നൗകാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി കണ്ടെത്തി. കോടതി നിര്‍ദ്ദേശപ്രകാരം തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മുഷ്താഖിനെ കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്.
മുഷ്താഖിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. കശ്മീരില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരനായിരുന്ന ഇയാള്‍ 2011-ല്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. ജയില്‍ മോചിതനായ ശേഷം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇയാള്‍ ലക്ഷ്യമില്ലാതെ രാജ്യം മുഴുവന്‍ കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഗുരുവായൂരില്‍ തീവ്രവാദി എത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് ഡിജിപി പറഞ്ഞു. കശ്മീര്‍ പോലീസുമായി ബന്ധപ്പെട്ട് ഇയാളുടെ പശ്ചാത്തലം പൂര്‍ണ്ണമായും പരിശോധിച്ചതാണ്. ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പോലീസുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധ്യപ്പെടണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിലെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് ജാഗ്രത തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണമാണ് ഉള്ളത്.
State Police Chief Ravada A. Chandrasekhar has dismissed rumors regarding a Kashmiri youth, Mushtaq Ahmed Pundit (45), who was detained near Guruvayur Temple. Following intensive questioning by Kerala Police and central agencies, the DGP confirmed that Mushtaq has no terror links but was suffering from mental health issues. Mushtaq has since been sent back to his hometown in Anantnag with the assistance of Kashmir Police and his relatives.

