‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍’; മൂവാറ്റുപുഴയില്‍ വി ഡി സതീശനായി വീണ്ടും ഫ്‌ലക്‌സ്; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഉടന്‍ അഴിച്ചുമാറ്റി

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പു ഫലം വരാന്‍ അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കവേ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസിനുള്ളില്‍ പലവിധത്തിലുള്ള തന്ത്രങ്ങള്‍. സോഷ്യല്‍മീഡിയാ കാമ്പയിന് പിന്നാലെ ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ എപ്പിസോഡില്‍ ഒടുവിലായി എത്തിയത് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡാണ്. എറണാകുളം ജില്ലയിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് എത്തിയത്.

മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് ”നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങള്‍” എന്നെഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയയില്‍ പ്രചരിച്ചതോടെ ഫ്‌ലക്‌സ് ബോര്‍ഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. ഇന്നലെ എറണാകുളം ജില്ലയില്‍ വി ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നില്‍ വി ഡി സതീശന് എതിരെ ഫ്‌ലക്‌സ് ഉയര്‍ന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശന്‍ വിചാരിക്കേണ്ട എന്നായിരുന്നു ഫ്‌ലക്‌സില്‍ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരില്‍ – ‘പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – എന്നാണ് ഒരു ഫ്ളക്സിലെ വാക്കുകള്‍. തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫ്ളക്സില്‍ – ‘വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും’ – എന്നാണ് എഴുതിയിട്ടുള്ളത്.

സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലാണ് എറണാകുളത്തെ ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്നത്. തീരെ കുറഞ്ഞ സമയത്തില്‍ ചെയ്തിട്ടുപോകാവുന്ന തരത്തിലല്ല ഫ്ളെക്സ് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നില്‍ എന്ന് കണ്ടുപിടിക്കണമെങ്കില്‍ ഡിസിസിക്ക് അത് ആവാം. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നതിനാലും, ആര് അധികാരത്തിലെത്തും എന്നത് സംബന്ധിച്ച് ആര്‍ക്കും ഉറപ്പില്ല എന്നതിനാലും ഡിസിസി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടയില്ലെന്നാണ് വിവരം.

അതേസമയം കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനില്‍കുമാര്‍ ആണ് വഴിപാട് നേര്‍ന്നത്.

കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സില്‍ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോണ്‍ഗ്രസിന്റെ ചിഹ്നം ആക്കിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. മെയ് 18നാണ് കളഭം കൊണ്ട് തുലാഭാരം അദ്ദേഹം നേര്‍ന്നത്. കെ സി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി എന്ന പേരിലാണ് തുലാഭാരം നേര്‍ന്നത്.

ഇതിതിനിടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിത്തര്‍ക്കമെന്ന സാമൂഹികമാധ്യങ്ങളിലെ പ്രചാരണത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് പറഞ്ഞ് മാത്യു കുഴല്‍നാടനും രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനായി സജീവ പ്രചാരണം നടത്തിയ അക്കൗണ്ടുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. ഇടതുസര്‍ക്കാരിന്റെ ബാധ ഇപ്പോഴും ചില ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍ക്കുന്നു. അതിനുദാഹരണമാണ് വടകരയില്‍ പ്രസവിച്ചുകിടക്കുന്ന സ്ത്രീയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

2019-ലെ പ്രളയം മനുഷ്യനിര്‍മിതിയാണെന്ന താന്‍ നടത്തിയ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്ന ബിജുപ്രഭാകറിന്റെ പുസ്തകം. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ സത്യം വെളിപ്പെടുത്തണം. ഈ സര്‍ക്കാരിന്റെ അവസാനദിനങ്ങളില്‍ തനിനിറം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഒരു മന്ത്രിതന്നെ മൊഴിമാറ്റിപ്പറഞ്ഞതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

With just five days remaining for the election results, internal politics within the Congress has intensified as posters supporting V.D. Satheesan for the Chief Minister post appeared in Muvattupuzha, Ernakulam. This follow-up to ongoing social media campaigns highlights the growing tug-of-war between factions supporting Satheesan, Ramesh Chennithala, and K.C. Venugopal. Despite strict warnings from KPCC against public statements, the visibility of these flex boards indicates a deep-seated leadership struggle ahead of a potential UDF victory.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News