ഗുരുവായൂരില്‍ ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അടിച്ച ഫ്ളക്സുകളും പോസ്റ്ററുകളും ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു; ലക്ഷങ്ങളുടെ നഷ്ടം

തൃശൂര്‍: ഗുരുവായൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പാഴായത് ലക്ഷക്കണക്കിന് രൂപയുടെ ഫ്ളക്സുകളും പോസ്റ്ററുകളും. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി നിവേദിതയ്ക്കു വേണ്ടി അടിച്ച ഫ്ളക്സുകളും പോസ്റ്ററുകളും എല്ലാം ഗുരുവായൂരിലെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണ്. മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ പലതും പ്രസില്‍ നിന്ന് കൊണ്ടുവന്നിട്ടു പോലുമില്ല.

വര്‍ണപോസ്റ്ററുകള്‍ മാത്രം രണ്ടുലക്ഷത്തിലേറെ അച്ചടിച്ചിട്ടുണ്ട്. 55,000 വീതം നാലു തരത്തിലുള്ളതാണിത്. കൂടാതെ ഫ്ളക്‌സുകള്‍ 2000, അഭ്യര്‍ത്ഥനകള്‍ 75000 എന്നിവയും തയ്യാറാക്കി. മുന്നണികള്‍ ഇതുവരെയും ഇറക്കാത്ത, മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ അച്ചടിച്ചതിന്റെ ചൂടു പോലും പോയിട്ടില്ല. അത് 25,000 എണ്ണമുണ്ട്. പ്രസില്‍ നിന്ന് കൊണ്ടു വന്നിട്ടുമില്ല.

സ്ഥാനാര്‍ത്ഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈ വീശി നില്‍ക്കുന്നത്, കൈ കൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാള്‍ പോസ്റ്ററുകള്‍ ഉപയോഗിക്കാനാകാത്തത് ബി.ജെ.പി. പ്രവര്‍ത്തകരെ സങ്കടത്തിലാക്കി. നഷ്ടത്തിന്റെ കണക്കുകള്‍ അതിലുമേറെ വിഷമമുണ്ടാക്കുന്നതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ചുമരെഴുത്തുകള്‍ നഗരങ്ങളില്‍ കുറവാണെങ്കിലും പഞ്ചായത്തുകളിലും ഉള്‍ഗ്രാമങ്ങളിലുമെല്ലാം വ്യാപകമായുണ്ട്. ഇനി ഇതെല്ലാം മാറ്റിയെഴുതണം. ഫ്ളക്സുകളും പോസ്റ്ററുകളും അഭ്യര്‍ത്ഥനകളും പുതിയത് തയ്യാറാക്കണം. എന്‍.ഡി.എ. പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ അതിവേഗം ബഹുദൂരത്തില്‍ പ്രചാരണ പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സജ്ജമായിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News