25.7 C
Kottayam
Tuesday, May 21, 2024

വയനാട്ടിൽ പോലീസുമായി വെടിവെപ്പ്; രണ്ട് മാവോയിസ്റ്റുകള്‍ പിടിയിൽ

Must read

മാനന്തവാടി: വയനാട്ടില്‍ രണ്ട് രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തത്. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ടും പോലീസും മാവോവാദിസംഘത്തെ വളഞ്ഞത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കുവേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല. മാവോവാദികളെ പിടികൂടാന്‍ സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്.

മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്ന തമിഴുനാട്ടുകാരനായ തമ്പിയെന്ന അനീഷിനെ കോഴിക്കോട് റൂറല്‍ പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. അടുത്തിടെ അടിക്കടി മാവോവാദിസാന്നിധ്യമുണ്ടായ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലാണ് പേര്യ. ഒരുമാസംമുമ്പ് കമ്പമലയിലെത്തിയ മാവോവാദിസംഘം വനം വികസന കോര്‍പ്പറേഷന്‍ ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ത്തിരുന്നു.

പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടില്‍വെച്ചാണ് ചൊവ്വാഴ്ച രാത്രി മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തിയതായിരുന്നു. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വീടുവളയുന്നതെന്ന് അനീഷ് പറയുന്നു.

അകത്തുണ്ടായിരുന്ന മാവോയിസ്റ്റുകളും പോലീസിനുനേരെ പലതവണ വെടിയുതിര്‍ത്തു. ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. പോലീസിന്റെ നീക്കത്തില്‍ ചന്ദ്രവും ഉണ്ണിമായയും പെട്ടുപോവുകയായിരുന്നു. ഇവരുടെ തോക്ക് പെട്ടെന്ന് പ്രവര്‍ത്തിക്കാതെയായതിനാല്‍ പോലീസിന് എളുപ്പത്തില്‍ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നാണ് സൂചന. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.

വെടിവെപ്പ് നടക്കുന്ന സമയം അനീഷിന്റെ രണ്ടരവയസ്സുള്ള കുട്ടിയും അമ്മയും സഹോദരനും ഭാര്യയും വീടിനകത്തുണ്ടായിരുന്നു. താനും അമ്മയും ബാത്ത്‌റൂമില്‍ അഭയംതേടുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. ടാക്‌സിഡ്രൈവറാണ് അനീഷ്. തിങ്കളാഴ്ച മൂന്ന് സ്ത്രീകള്‍ വീട്ടിലെത്തി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് അനീഷ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ നാലു മാവോയിസ്റ്റുകളും അവിടെയുണ്ടായിരുന്നു. അരമണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നു. മാവോവാദികളുടെ വെടിവെപ്പില്‍ വീടിന്റെ മുന്‍വശത്തെ വാതിലിന് കേടുപറ്റിയതായും അനീഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week