CricketNewsSports

പോരാട്ടത്തിന്റെ കങ്കാരുവീര്യം!ഇതിഹാസവിജയത്തിലൂടെ മാക്‌സവെല്‍ തകര്‍ത്തത് ഒരുപിടി റെക്കോഡുകള്‍

മുംബൈ: രക്ഷകന്‍… ഒരേയൊരു പേര്… ഗ്ലെന്‍ മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയക്കാര്‍ക്ക് മാക്‌സ്‌വെല്‍ ഇന്ന് ദൈവതുല്യനാണ്. അത്രമേല്‍ ആ രാജ്യം ഈ സൂപ്പര്‍ താരത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു ഘട്ടത്തില്‍ ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റ് ടീമിനെ വേദന സഹിച്ചും ക്ഷമിച്ചും ആഞ്ഞടിച്ചും വിജയതീരത്തെത്തിച്ച കപ്പിത്താന്‍.

ഒരു ഘട്ടത്തില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ ഇരട്ട സെഞ്ചുറി നേടി വിജയത്തിലെത്തിച്ച മാക്‌സ്‌വെല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. സാക്ഷാല്‍ കപില്‍ ദേവിന്റെ ഇന്നിങ്‌സിനോട് അടുത്തുനില്‍ക്കുന്ന പ്രകടനം.

മത്സരത്തില്‍ താരം 128 പന്തുകളില്‍ നിന്ന് 21 ഫോറിന്റെയും 10 സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 201 റണ്‍സാണ് താരം അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 150-ല്‍ എത്തിയപ്പോഴേക്കും വലത്തേകാലില്‍ പേശിവലിവ് അനുഭവപ്പെട്ടിട്ടും താരം പൊരുതി. ഒരു ഘട്ടത്തില്‍ ഗ്രൗണ്ടില്‍ തളര്‍ന്നുവീണ് റിട്ടയര്‍ ഹര്‍ട്ട് ചെയ്യാനൊരുങ്ങി.

പകരക്കാരനായി ആദം സാംപ ഗ്രൗണ്ടിലെത്തിയതാണ്. എന്നാല്‍ സ്വന്തം ആരോഗ്യം നോക്കാതെ ഒറ്റയ്ക്ക് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത മാക്‌സ്‌വെല്‍ പിന്നീട് നടത്തിയത് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന്. ഒറ്റക്കാലിന്റെ ബലത്തില്‍ അഫ്ഗാന്‍ ബൗളര്‍മാരെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി മാക്‌സ്‌വെല്‍ ഓസീസ് പടയ്ക്ക് വിജയം സമ്മാനിച്ച വീരനായകനായി.

മാക്‌സ്‌വെല്ലിന്റെ ഈ പ്രകടനത്തിന്റെ കരുത്തില്‍ നിരവധി റെക്കോഡുകള്‍ തകര്‍ന്നുവീണു. ലോകകപ്പിന്റെ ചരിത്രത്തില്‍ ചേസിങ്ങില്‍ ആദ്യമായാണ് ഒരു താരം ഇരട്ടസെഞ്ചുറി നേടുന്നത്. ഇതിനുമുന്‍പ് 2011 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ ആന്‍ഡ്രൂ സ്‌ട്രോസ് നേടിയ 158 ആയിരുന്നു ചേസിങ്ങിലെ ഉയര്‍ന്ന സ്‌കോര്‍. ആ റെക്കോഡ് ഇനി മാക്‌സ്‌വെല്ലിന് സ്വന്തം.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന വലിയൊരു റെക്കോഡും മാക്‌സ്‌വെല്‍ സ്വന്തമാക്കി. 185 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണിന്റെ റെക്കോഡ് മാക്‌സ്‌വെല്‍ തകര്‍ത്തു. ലോകകപ്പില്‍ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് മാക്‌സ്‌വെല്‍. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ഗപ്റ്റില്‍ 2015-ല്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ 237 റണ്‍സെടുത്തു. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ലോകകപ്പില്‍ ആദ്യമായി സെഞ്ചുറി നേടിയത് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. 2015-ല്‍ തന്നെയാണ് താരവും ഈ നേട്ടത്തിലെത്തിയത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ താരം 215 റണ്‍സാണ് അടിച്ചെടുത്തത്.

ഏകദിനത്തില്‍ ചേസിങ്ങില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോഡും മാക്‌സ്‌വെല്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ആദ്യമായി ഇരട്ടസെഞ്ചുറി നേടുന്ന ഓപ്പണറല്ലാത്ത താരം എന്ന റെക്കോഡും താരം സ്വന്തം പേരില്‍ കുറിച്ചു. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് മാക്‌സ്‌വെല്‍ സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്കിന്റെ പേരിലുണ്ടായിരുന്ന 174 റണ്‍സ് താരം മറികടന്നു. ബംഗ്ലാദേശിനെതിരെയാണ് ഡി കോക്ക് 174 റണ്‍സ് അടിച്ചെടുത്തത്.

മാക്‌സ്‌വെല്ലിന്റെ ഈ പ്രകടനം എന്നും ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കും. അഫ്ഗാനെതിരേ മൂന്ന് തവണയാണ് മാക്‌സ്‌വെല്ലിനെ ഭാഗ്യം തുണച്ചത്. രണ്ട് തവണ താരത്തിന്റെ ക്യാച്ച് അഫ്ഗാന്‍ താരങ്ങള്‍ കൈവിട്ടു. ഒരുതവണ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും പിന്നാലെ റിവ്യുവിന്റെ സഹായത്തോടെ താരം അതിജീവിച്ചു. ഇതെല്ലാം മുന്നോട്ടുവെയ്ക്കുന്നത് മാക്‌സ്‌വെല്‍ ഇന്ന് ഇരട്ട സെഞ്ചുറി നേടി ടീമിനെ വിജയിപ്പിക്കാനായി മാത്രമാണ് ബാറ്റെടുത്തത് എന്നാണ്. ഭാഗ്യവും പ്രതിഭയും ഒത്തിണങ്ങിയൊരു പ്രകടനമാണ് താരം ഇന്ന് പുറത്തെടുത്തത്. ഈ പ്രകടനം ഇനിയും തുടര്‍ന്നാല്‍ എതിരാളികള്‍ ഒരുപാട് വിയര്‍ക്കേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker