കൊച്ചിയില്‍ യുവാവിന് നേരെ ഗൂണ്ടാ ആക്രമണം; കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു

കൊച്ചി: കൊച്ചിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് നേരെ ഗൂണ്ടാ ആക്രമണം. വയനാട് കേണിച്ചിറ സ്വദേശി അമലിന് നേരെയാണ് ആക്രമണമുണ്ടായത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അമലിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു.

കാക്കനാട്ടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന അമലിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാക്കനാടിന് സമീപം ചെമ്പ് മുക്കില്‍ വച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദിക്കുകയും അമലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും ഭീഷണി മുഴക്കി സംഘം കടന്നുകളയുകയായിരുന്നു. കാക്കനാട് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് അമല്‍. സംഭവത്തില്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. സമാനമായ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറയുന്നു. ഗൂണ്ടാ ആക്രമണത്തെ തുടര്‍ന്ന് ആലുവ പോലീസ് സ്റ്റേഷനില്‍ ഇന്നലെ ട്രാന്‍സ്ജന്‍ഡര്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതും വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News