പൂനെ: കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കറുടെ മാതാവ് വനിത ഖേദ്ക്കർ പോലീസ് കസ്‌റ്റഡിയിൽ. ഇന്ന് രാവിലെയാണ് അനധികൃതമായി തോക്ക് കൈവശം വച്ച സംഭവത്തിൽ അവരെ കസ്‌റ്റഡിയിൽ എടുത്തത്. സർവീസിൽ കയറാൻ കൃത്രിമം കാട്ടിയെന്നും സ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നുമുള്ള ആരോപണങ്ങൾ പൂജയ്ക്ക് എതിരെ നിലനിൽക്കെയാണ് ഈ സംഭവ വികാസം.
പൂനെ ജില്ലയിലെ മുൽഷി ഗ്രാമത്തിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക കർഷകറോട് സംസാരിക്കുന്നതിനിടെ പിസ്‌റ്റൾ പുറത്തെടുത്ത മനോരമ ഖേദ്ക്കറിന്റെ വീഡിയോയിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ വൈറലായിരുന്നു. ഭൂമിയുടെ രേഖകൾ കാണണം എന്നാവശ്യപ്പെട്ട് ഒരു കർഷകനുമായി ചൂടേറിയ സംവാദം നടത്തുന്നതിനിടെയാണ് ഈ സംഭവം.
തർക്കം രൂക്ഷമായപ്പോൾ, കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയെങ്കിലും ദൃശ്യങ്ങൾ റെക്കോർഡുചെയ്യുന്ന ഒരു ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻ അത് മാറ്റിയിരുന്നു. വീഡിയോ വൈറലായതോടെ പൂനെ പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ മനോരമയുടെ ഭർത്താവ് ദിലീപ് ഖേദ്ക്കറിനെയും പ്രതി ചേർത്തിരുന്നു. റായ്‌ഗഡ് ജില്ലയിലെ കോട്ടയ്ക്കടുത്തുള്ള ലോഡ്‌ജിൽ ഒളിച്ചിരുന്ന മനോരമയെ പൂനെ പോലീസ് ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രണ്ടുതവണ സസ്‌പെൻഡ് ചെയ്യപ്പെട്ട അഴിമതി ആരോപണങ്ങളുടെ ചരിത്രവും ദിലീപ് ഖേദ്ക്കറിനുണ്ട്. 2018ൽ കോലാപൂരിൽ റീജിയണൽ ഓഫീസറായി സേവനം അനുഷ്‌ഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സർവീസിലെ ആദ്യ സസ്പെൻഷൻ നേരിടേണ്ടി വന്നത്.
ഈ കാലയളവിൽ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാൻ 25,000 രൂപ മുതൽ 50,000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് പ്രാദേശിക തടിമില്ലും, തടി വ്യാപാരി സംഘടനയും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. സമാനമായ ആരോപണങ്ങളെ തുടർന്ന് 2020ൽ മറ്റൊരു സസ്പെൻഷനും ഇയാൾക്ക് നേരിടേണ്ടി വന്നിരുന്നു.
കൂടാതെ ദിലീപ് ഖേദ്ക്കർ ഒരിക്കൽ ആറ് മുതൽ ഏഴ് മാസം വരെ മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഒരു കമ്പനിയിൽ നിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ദിലീപ് ഖേദ്ക്കറിനെതിരെ 2019ലെ പരാതി. ഐഎഎസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട 34കാരിയായ പൂജ ഖേദ്‌കറിനെതിരായ വിവാദങ്ങളോടെയാണ് ദിലീപ് ഖേദ്ക്കറുടെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധയിൽപ്പെട്ടത്.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് ദിലീപ് ഖേദ്ക്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 40 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്ന് പറഞ്ഞതായി വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭാർ ചൂണ്ടിക്കാട്ടിയിരുന്നു. പൂജ ഖേദ്ക്കറിന്റെ ഐഎഎസ് നിയമത്തിനെ കുറിച്ച് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിടുകയും അവരുടെ പരിശീലനം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു.