ജിഎസ്ടി പരിഷ്‌കരണം: തിങ്കളാഴ്ച മുതൽ നിലവില്‍ വരും; സാധാരണക്കാർക്ക് നേട്ടം

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. എന്നാല്‍ ഈ മാറ്റം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരില്ല. ഇതിനായി പിന്നീട് പ്രത്യേക വിജ്ഞാപനമിറക്കുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

പുതിയ ഭേദഗതി നടപ്പാകുമ്പോള്‍ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച് നല്‍കിയാല്‍ മതിയാകും. ഇലക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും. ഉയര്‍ന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക.

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാര്‍നിര്‍മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തേ വില്‍പ്പനയ്‌ക്കെത്തിയ ഉത്പന്നങ്ങളില്‍ പരിഷ്‌കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

നികുതി നിരക്കുകള്‍ക്കനുസരിച്ച് വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തണം. നികുതി മാറുന്ന ഉത്പന്നങ്ങള്‍ സ്റ്റോക്കുണ്ടെങ്കില്‍ അവയുടെ ഞായറാഴ്ചത്തെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തണം. പരിഷ്‌കരണത്തോടെ ലൈഫ്-ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കി. ഇന്ത്യന്‍ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും.

ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചു. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായാണ് കുറച്ചത്. അര ലിറ്ററിന് 10 രൂപയില്‍നിന്ന് ഒന്‍പതുരൂപയാകും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന ഐആര്‍സിടിസി/റെയില്‍വേയുടെ പട്ടികയിലുള്ള മറ്റ് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വിലക്കുറവ് ബാധകമായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News