പയ്യോളി: കരഞ്ഞ് ശ്വാസംകിട്ടാതായ കുരുന്നിന് സിവില്‍ ഡിഫന്‍സ് വൊളന്റിയറായ അച്ഛന്‍ പഠിച്ച പാഠത്തിലൂടെ പുനര്‍ജന്മം. വടകര മണിയൂര്‍ ഉല്ലാസ് നഗറിലെ പട്ടേരിമീത്തല്‍ ലിഗിതാണ് മൂന്നുമാസംമാത്രം പ്രായമുള്ള മകന്‍ സിയാന്റെ രക്ഷകനായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൈ എന്തിലോ തട്ടി വേദനിച്ച കുഞ്ഞ് നിലവിളിച്ചു. ലിഗിതും ഭാര്യ സരിമയും വീട്ടിലുള്ളവരുമെല്ലാം മാറിമാറിയെടുത്തിട്ടും കരച്ചില്‍ നിന്നില്ല. ഏറെനേരം കരഞ്ഞ സിയാന് പെട്ടെന്ന് ശ്വാസം കിട്ടാതെയായി. കണ്ണുകള്‍ക്ക് മാറ്റം വന്നു. അനക്കമില്ലാതെയായി. ഉടന്‍ ലിഗിത് കുഞ്ഞിനെയുമെടുത്ത് വരാന്തയിലേക്ക് ഓടി നിലത്തിരുന്നു. ആ അവസ്ഥയില്‍ ചെയ്യണ്ടേതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്തതോടെ കുട്ടി പ്രതികരിക്കാന്‍ തുടങ്ങി. ശേഷം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് വടകര സഹകരണ ആശുപത്രിയിലുമെത്തിച്ചു.
അഞ്ചുവര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലിഗിത് ആറാംതവണയാണ് രക്ഷകനാവുന്നത്. മുന്‍പ് രക്ഷിച്ചത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയ ഒന്നരമാസം പ്രായമുള്ള കുത്തിനെയാണ്. ഇന്റീരിയര്‍ വര്‍ക്കാണ് ജോലി.
കുഞ്ഞിനെ ആദ്യം രണ്ടുതവണ കുലുക്കി. തുടര്‍ന്ന് കുട്ടിയുടെ വയറ് കാല്‍മുട്ടില്‍ ചേര്‍ത്ത് കമഴ്ത്തിക്കിടത്തി. മുഖം ഒരു കൈയില്‍ താങ്ങി. മറ്റേ കൈകൊണ്ട് പുറത്ത് മൂന്നു നാലു തവണ അടിച്ചു. പിന്നീട് വായും മുക്കും സ്വന്തം മുഖത്തോട് ചേര്‍ത്തുപിടിച്ച് കുട്ടിയിലേക്ക് ഊതി കൃതിമശ്വാസം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ മലര്‍ത്തി കിടത്തി ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് നെഞ്ചില്‍ അമര്‍ത്തി. ഇങ്ങനെ മൂന്നുതവണ ആവര്‍ത്തിച്ചപ്പോള്‍ കുഞ്ഞ് ജീവിതത്തിലേക്ക് വന്നു. രണ്ടുമിനിറ്റുകൊണ്ട് എല്ലാം ശരിയായി.


