തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണന്റെ പ്രസ്‌ക്ലബ് അംഗത്വം എടുത്തുകളഞ്ഞ താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളുടെ കൂട്ട രാജി. സോണിച്ചന്‍ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണന്‍(മുന്‍ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാന്‍ജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്. ഹണി, അജി ബുധന്നൂര്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരാണ് രാജിവെച്ചത്.
സെക്രട്ടറിയുടെ താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേര്‍ന്ന്, പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറല്‍ ബോഡിയോഗവും വിളിച്ചു ചേര്‍ക്കുന്നതായി അറിയിപ്പ് നല്‍കിയെന്നാണ് ഭരണ സമിതി അംഗങ്ങള്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.
ഒരു മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുന:പരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളൂവെന്നും സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമാണ് ഇവര്‍ രാജിക്കത്തില്‍ പറഞ്ഞുവെക്കുന്നത്.
എന്നാല്‍ പത്തിലൊന്നംഗങ്ങള്‍ ഒപ്പിട്ടു തന്നാല്‍ ജനറല്‍ ബോഡി വിളിക്കണമെന്ന് പ്രസ് ക്ലബിന്റെ ഭരണഘടനയില്‍ വകുപ്പുണ്ടെന്നും ആ വകുപ്പ് പ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് സാബ്ലു തോമസ് വ്യക്തമാക്കിയത്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും സാബ്ലു തോമസ് വിശദീകരിക്കുന്നു. ജനറല്‍ ബോഡിയാണ് പരമാധികാര സമിതി. ജനറല്‍ ബോഡിക്ക് ഒരു അംഗത്തെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ട്. ഞാനെടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് ജനറല്‍ ബോഡി തീരുമാനിക്കട്ടെ. പരമാധികാരം മാനേജ്മെന്റ് കമ്മിറ്റിക്കല്ല, ജനറല്‍ ബോഡിക്കാണെന്നും സാബ്ലു തോമസ് പറയുന്നു.
അംഗങ്ങള്‍ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങള്‍ പാലിക്കാതെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണെന്നും പ്രസ്‌ക്ലബ്ബിനെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ആരോപിക്കുന്നത്.