News

കൊവിഡ് ബാധിച്ച് പ്രതിശ്രുത വരന്‍ മരിച്ചു; വിവാഹദിവസം നടന്നത് സംസ്‌കാര ചടങ്ങുകള്‍

ബംഗളൂരു: കൊവിഡ് മഹാമാരി അനവധി ജീവനുകളെ കവരുന്നതിനൊപ്പം തകര്‍ക്കുന്നത് ഒരുപാട് പേരുടെ സ്വപ്നങ്ങളാണ്. ഉറ്റവരുടെ വിയോഗത്തില്‍ നിന്നു കരകയറാനാവാതെ വിഷമിക്കുന്നവരുടെ ഭൂമിയായി മാറിയിരിക്കുകയാണ് രാജ്യം. കൊവിഡിന്റെ ക്രൂരതയ്ക്കിടയില്‍ നോവുന്ന ഓര്‍മ്മയായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് എന്ന യുവാവിന്റെ ജീവിതവും.

വിവാഹം നടക്കേണ്ടിയിരുന്ന ദിവസം പൃഥ്വിരാജിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തേണ്ടി വന്ന ഞെട്ടലിലാണ് ഈ യുവാവിന്റെ ബന്ധുക്കള്‍. 32 കാരനായ പൃഥ്വിരാജിന്റെ ജീവന്‍ കൊവിഡ് കവര്‍ന്നതോടെ മുമ്പ് നിശ്ചയിച്ച വിവാഹ ദിവസത്തില്‍ സംസ്‌കാരം നടത്താനായിരുന്നു വിധി.

ചിക്കമംഗളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ പ്രൃഥ്വിരാജ് 10 ദിവസം മുമ്പാണ് ബംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പിന്നീട് കൊവിഡ് ബാധിതനായി ആരോഗ്യസ്ഥിതി വഷളായ യുവാവിനെ മക്ഗന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.

ബുധനാഴ്ചയോടെ യുവാവ് മരണത്തിന് കീഴടങ്ങി. പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒടുവില്‍ വിവാഹം നടക്കേണ്ടിയിരുന്ന വ്യാഴാഴ്ച വീട്ടില്‍ തന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button