കൊടുംകുറ്റവാളി ഗോവിന്ദചാമിയെ പിടികൂടിയത് കിണറ്റിൽ നിന്നും, ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ പിടികൂടിയത് കിണറ്റിൽ നിന്നും. കിണറ്റിൽ നിന്നും പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആൾപ്പാർപ്പില്ലാത്ത ഒരു വീടാണിതെന്നാണ് വിവരം. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പൊലീസിനെയും നാട്ടുകാരെയും കണ്ടയുടൻ ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നു.

കണ്ണൂർ ബൈപ്പാസ് റോഡിൽ വെച്ചാണ് റോഡിന്റെ വലത് വശം ചേർന്ന് ഒരാൾ നടന്ന് പോകുന്നത് കണ്ടത്.തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു.എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ചെന്ന് എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു. അതോടെ അയാൾ മതിൽ ചാടി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. വിവരം ഉടനെ പൊലീസിൽ അറിയിച്ചു. പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 

കറുത്ത പാന്റാണ്‌ വേഷം. ഷർട്ട് ധരിച്ചിരുന്നില്ല. ഗോവിന്ദച്ചാമിയെ വിശദമായി ചോദ്യം ചെയ്യും. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. വളരെ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News