ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന് അതിസുരക്ഷാ ജയിലിലെ കമ്പി മുറിച്ച്,വൻമതിൽ ചാടിയതെങ്ങിനെ? അടിമുടി ദുരൂഹത

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് പുലർച്ചെ 1.15 ന്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്.തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു.ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്.

എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയിൽ ചാടിയെന്ന വിവരം ജയിലധികൃതർ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

അതേസമയം, വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് സെല്ല് അടച്ചപ്പോള്‍ ഗോവിന്ദചാമി അകത്ത് കയറിയില്ലെന്നും ആദ്യഘട്ടത്തില്‍ പോലീസ് സംശയം ഉന്നയിച്ചിരുന്നു.ഗോവിന്ദച്ചാമി സെല്ലിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. ഒറ്റക്കൈയനായ ഗോവിന്ദച്ചാമി സെൻട്രൽ ജയിലിലെ കൂറ്റൻ മതിൽ ചാടിക്കടന്നുവെന്നത് ഏറെ സംശയം ഉളവാക്കുന്നുണ്ട്. ഏഴരമീറ്റർ ഉയരമുണ്ട് ചുറ്റുമതിലിന്. കൂടാതെ ഇലക്രിക് ഫെൻസിങും മുകൾവശത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തിലധികം തടവുകാരാണ് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.

ദിവസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയിരിക്കുന്നത്. അരംപോലുള്ള ഉപകരണം ഉപയോഗിച്ച് സെല്ലിലെ കാസ്റ്റ് അയേണ്‍ കമ്പി മുറിക്കുകയായിരുന്നു.

2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ഇയാളുടെ ക്രൂരപീഡനത്തിന് ഇരയാകുന്നത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ യുവതിയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടി മരിച്ചു.

2016-ല്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനില്‍ നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാല്‍ ട്രെയിനില്‍നിന്ന് പെണ്‍കുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.

വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെണ്‍കുട്ടിയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News