ഗോവിന്ദചാമിയുടെ ജയിൽചാട്ടം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ ഓടിയ ​ഗോവിന്ദച്ചാമി നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ കിണറില്‍ ചാടി. പിന്തുടർന്ന പോലീസ് ഇയാളെ കിണറ്റിൽനിന്ന് വലിച്ചെടുത്തു.

മണിക്കൂറുകൾ മാത്രമാണ് ഗോവിന്ദച്ചാമിക്ക് ജയിലിനു പുറത്തു കഴിയാനായത്. ഗോവിന്ദച്ചാമി വെള്ളിയാഴ്ച്ച അർധരാത്രി 1.10-നാണെന്നും അതല്ല പുലർച്ചെ നാലേകാലോടെയാണ് ജയിൽ ചാടിയതെന്നും വാദമുണ്ട്. രാവിലെ പത്തരയോടെ ഇയാൾ പോലീസിന്റെ കയ്യിലകപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News