തിരുവനന്തപുരം:പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തില്‍ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി പോലീസിംഗ് മുതലയാവയിലും കേരള പോലീസിന് ഒന്നാം സ്ഥാനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പോലീസിന്‍റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോപ്പി നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം കൃത്യമായി ഡോക്യുമെന്‍റ് ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ കാലത്തെക്കുറിച്ച് വരുംതലമുറയ്ക്ക് അറിവു പകരുന്നതിന് കൃത്യമായ ഡോക്യുമെന്‍റേഷന്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസിന്‍റെ ആദ്യരൂപം മുതല്‍ ഇപ്പോഴത്തെ ഘടനവരെ വ്യക്തമായി പ്രതിപാദിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഹിസ്റ്ററി ഓഫ് കേരള പോലീസ് എന്ന പുസ്തകം തയ്യാറാക്കിയത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം അടങ്ങിയ സംഘമാണ്. 324 പേജുള്ള ഈ പുസ്തകത്തില്‍ ഓരോ ജില്ലയിലേയും പോലീസിന്‍റെ ചരിത്രം വളരെ വിശദമായും വ്യക്തമായും രേഖപ്പെടുത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തേയും ഓരോ പോലീസ് സ്റ്റേഷനും വിവിധ പോലീസ് വിഭാഗങ്ങളും സ്ഥാപിതമായ വര്‍ഷം, വിവിധ ക്ഷേമപദ്ധതികളുടെ വിവരണം, വാഹനങ്ങളുടേയും ആയുധങ്ങളുടേയും വിവരങ്ങള്‍, നേട്ടങ്ങള്‍ എന്നിവ ക്രമാനുഗതമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പോലീസിനെ സംബന്ധിക്കുന്ന പഴയകാലഫോട്ടോകളുടെ ശേഖരമാണ് മറ്റൊരു പ്രത്യേകത.
തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് മുതിര്‍ന്ന ഓഫീസര്‍മാരും സംബന്ധിച്ചു.