തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യണമെന്ന ആവശ്യത്തില്‍ വിശദീകരണം ചോദിച്ച ഗവര്‍ണറുടെ നീക്കം സര്‍ക്കാരിനെ വെട്ടിലാക്കി. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആര്‍.എസ് ശശികുമാറിന്‍റെ നിവേദനവും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ഹൈക്കോടതിയിൽ അറിയിച്ച വിവരങ്ങളും സർക്കാരിനെതിരേ ഗവർണർക്കു കിട്ടിയ ആയുധങ്ങളാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടാണ് ശശികുമാർ ഗവര്‍ണറെ സമീപിച്ചത്. വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടിയ സാഹചര്യത്തിൽ ഗവർണർ ഗൗരവപൂര്‍വമാണ് മുന്നോട്ട് നീങ്ങുന്നതെന്ന് വ്യക്തം. ഭ
രണഘടനയുടെ 360-ാം വകുപ്പാണ് ഗവര്‍ണർക്ക് ഇവിടെ ഉപയോഗിക്കാനാകുക. സാമ്പത്തിക അസ്ഥിരത ഉണ്ടായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോഗിക്കാനുള്ളതാണ് ഈ വകുപ്പ്. സമീപകാലത്ത് രാജ്യത്ത് ഒരു ഗവർണറും ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നിരിക്കേ അപകടം മനസ്സിലാക്കിയാണ് സിപിഎം രാഷ്ട്രീയ പ്രതിരോധവുമായി രംഗത്തിറങ്ങിയത്.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് രാഷ്ട്രീയ വാദമായി ഉന്നയിക്കാമെങ്കിലും ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി ഹാജരായി നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന് പൊല്ലാപ്പാണ്. ദൈനംദിന കാര്യങ്ങള്‍ക്ക് പോലും സംസ്ഥാന സര്‍ക്കാരിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹെക്കോടതിയില്‍ സമ്മതിച്ചതാണ്. അതിനാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവര്‍ണറോട് വിശദീകരിക്കുക പ്രയാസമാകും.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലും മുന്‍കാലങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും ഗവര്‍ണര്‍ക്ക് ആയുധമായി മാറും. കൂടാതെ 2020-21 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. അതിനാല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കഴിയില്ല. പിന്നെ സാമ്പത്തിക അടിയന്തരാവസ്ഥയുടെ സാഹചര്യമില്ലെന്ന് വിശദീകരിക്കാമെന്ന് മാത്രം.
കടമടെുപ്പ് പരിധി കഴിയുന്നത്, സപ്ലൈക്കോയ്ക്ക് നല്‍കാനുള്ള 4000 കോടി രൂപ, കരാറുകാര്‍ക്ക് നല്‍കേണ്ട 16,000 കോടി രൂപയുടെ കുടിശിക, കോളേജ് അധ്യാപകര്‍ക്ക് ശമ്പളമായും ഡിഎയായും നല്‍കേണ്ട 1,500 കോടി രൂപയുടെ കുടിശിക, ക്ഷേമ പെന്‍ഷന്‍ കുടിശിക, സര്‍ക്കാര്‍ ജീവനക്കാരുടെ 24,000 കോടി രൂപയുടെ കുടിശിക തുടങ്ങിയവ കൂടാതെ കെഎസ്ആര്‍ടിയുടെയും കെടിഡിഎഫ്സിയുടേയും ബാധ്യത അടക്കമുള്ളവ സർക്കാരിനു മുന്നിലുണ്ട്. ഈ പ്രതിസന്ധികള്‍ക്കെല്ലാം തൃപ്തികരമായ വിശദീകരണം ചീഫ് സെക്രട്ടറി നൽകേണ്ടിവരും.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമുണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക അടിയന്തരാവസ്ഥ വിഷയത്തില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ മുന്നോട്ട് പോകൂ. ഇക്കാര്യത്തില്‍ പ്രതിപക്ഷനീക്കം എന്തെന്ന കാര്യവും ഇനി കണ്ടറിയണം. ഇപ്പോഴത്തെ സാഹചര്യം ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കുക എന്നത് ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടതുമുന്നണിക്ക് മുന്നിലുള്ള വെല്ലുവിളികൂടിയാണ്.