27.8 C
Kottayam
Sunday, May 26, 2024

സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

Must read

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടി രാജ്ഭവന്‍ കത്ത് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടലംഘനം ആണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണം തേടി ഗവര്‍ണര്‍ കത്തയച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയം ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എത്രയും വേഗം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടായ സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് വിശദീകരണം നല്‍കുമെന്നും അദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week